ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജി വച്ച് ഇന്ത്യൻ വംശജ
വാഷിംഗ്ടൺ: അധികാരമാറ്റത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ട്രംപ് ഭരണകൂടത്തിലെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ സീമ വർമ രാജിവച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് സീമ.
നാല് കൊല്ലമായി സെന്റേഴ്‌സ് ഒഫ് മെഡികെയർ ആൻഡ് മെഡിക്എയ്ഡ് സർവീസസിന്റെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന സീമ വ്യാഴാഴ്ചയാണ് ട്രംപിന് രാജിക്കത്ത് കൈമാറിയത്. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായി സീമയെ ട്രംപ് നിയമിച്ചിരുന്നു.
കഴിഞ്ഞ നാല് കൊല്ലമായി സി.എം.എസ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തെ ആരോഗ്യ സംരക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുമെന്ന് മൂന്ന് പേജ് വരുന്ന രാജിക്കത്തിന്റെ പകർപ്പുൾപ്പെടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് സീമ കുറിച്ചു.
സി.എം.എസിന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘമായ സേവനകാലമാണ് ഈ അമ്പതുകാരിയ്ക്ക് അവകാശപ്പെടാനുള്ളത്.