ഗോവ വിനോദ യാത്ര ദുരന്തമായി, മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 12കൂട്ടുകാരികൾക്ക് കൂട്ടമരണം
ബംഗളൂരു: മുപ്പത് വർഷം മുമ്പ് പഠിച്ച സ്‌കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ആലോചിക്കാൻ കർണാടകത്തിൽ നിന്ന് ഗോവയിലേക്ക് വിനോദ യാത്ര പോയ സംഘത്തിന്റെ മിനി ബസിൽ ടിപ്പറിടിച്ച് പന്ത്രണ്ട് കൂട്ടുകാരികളും ബസ് ഡ്രൈവറും കൊല്ലപ്പെട്ടു. പരിക്കേറ്റ അഞ്ച് യുവതികളെ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മരിച്ച നാല് പേർ ഡോക്ടർമാരും മറ്റുള്ളവർ മെഡിക്കൽ പ്രവർത്തകരുമാണ്.
പ്രവീണ, പൂർണിമ, പ്രീതി രവികുമാർ, മാനസി, പരംജ്യോതി, രാജേശ്വരി ശിവകുമാർ, ശകുന്തള, ഉഷ, വേദ, നിർമ്മല, മഞ്ജുള, രജനി ശ്രീനിവാസ് എന്നിവരാണ് മരിച്ച യുവതികൾ. മുൻ എം.എൽ.എ ഗുരുസിദ്ധന ഗൗഡയുടെ മരുമകളാണ് പ്രീതി രവികുമാർ. ഡ്രൈവറുടെ വിവരങ്ങൾ അറിവായിട്ടില്ല.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ധാർവാഡ് നഗരത്തിൽ നിന്ന് എട്ടുകിലോമീറ്റർ അകലെ ഇറ്റിഗട്ടി ഗ്രാമത്തിൽ ഹുബ്ബള്ളി-ധാർവാഡ് ബൈപ്പാസിലായിരുന്നു അപകടം.
ദാവൺഗെരെ സെന്റ് പോൾസ് കോൺവെന്റിലെ പൂർവ വിദ്യാർത്ഥിനികളാണ് എല്ലാവരും. സ്‌കൂളിന്റെ 75ാം വാർഷികത്തിന് മെഗാ ഷോ അവതരിപ്പിക്കാനുള്ള ആലോചനകൾക്കായാണ് സംഘം ഗോവയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ദാവൺഗെരെയിൽ നിന്ന് യാത്ര തുടങ്ങിയത്.
ധാർവാഡ് നഗരത്തിൽ സുഹൃത്തിന്റെ വീട്ടിൽ ഇവർക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. അവിടെ എത്തും മുമ്പാണ് ദുരന്തം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്‌ത് എതിരേ പാഞ്ഞുവന്ന ടിപ്പർ മിനിബസിൽ ഇടിച്ചു കയറുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മരണത്തിലും ഒന്നിച്ച് ബാല്യകാല സുഹൃത്തുക്കൾ
സ്‌കൂളിൽ ഉറ്റ ചങ്ങാതിമാരായിരുന്ന ഇവർ അടുത്തിടെ ഒത്തുചേർന്നപ്പോഴാണ് ഗോവ യാത്ര തീരുമാനിച്ചത്. പുറപ്പെടും മുമ്പെടുത്ത സെൽഫി സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. 'ഗോ ഗോവ വിത്ത് സ്‌കൂൾ ബഡ്ഡീസ്' എന്നാണ് അടിക്കുറിപ്പ്
പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.