നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

Sunday 17 January 2021 12:51 AM IST

കല്ലമ്പലം: നവവധുവിനെ ഭർത്തൃഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന്‍ ബന്ധുക്കൾ. വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്താമന്ദിരത്തിൽ ഷാജി - ശ്രീന ദമ്പതികളുടെ മകൾ ആതിരയെയാണ് (24) ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 11.45 ഓടെ കുളിമുറിയിലാണ് കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് മരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.

മകൾക്ക് സ്വയം ഈ കൃത്യം ചെയ്യാനാകില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് ഷാജി വർക്കല പൊലീസിൽ പരാതി നൽകി. ഭർത്തൃമാതാവിന്റെ ശല്യം ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ നവംബർ 30 നായിരുന്നു ചെമ്മരുതി സ്വദേശി ശരത്തുമായുള്ള ആതിരയുടെ വിവാഹം. ആതിര സ്വന്തം വീട്ടിൽ വരുന്നത് ഭർത്തൃ മാതാവിന് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നെന്നും പറയുന്നു. തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കൾ സമീപത്തെ കുടുംബ വീട്ടിലേക്ക് മാറി.

സംഭവ ദിവസം മകളെ കാണാനെത്തിയ മാതാവ് ശ്രീനയും സഹോദരൻ ആകാശും ആളും അനക്കവുമില്ലാത്ത വീടാണ് കണ്ടത്.

പരിസരവാസികളെ കൂട്ടി തെരച്ചിൽ നടത്തിയപ്പോഴാണ് ആതിരയെ കുളിമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടത്. ഞരമ്പുകൾ മുറിക്കാനുപയോഗിച്ച കത്തി ആതിരയുടെ കൈയിലുണ്ടായിരുന്നെന്നും കൈകളും കഴുത്തും കാലും സ്വയം മുറിച്ചയാളുടെ കൈയിൽ ഭദ്രമായി കത്തിയുണ്ടാകില്ലെന്നും ബന്ധുക്കൾ പറയുന്നു. മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി കൈയിൽ പിടിപ്പിച്ചതാകാമെന്നാണ് ഇവരുടെ സംശയം.

സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്യും.

ഫോറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ട് 6ന് ആതിരയുടെ കുടുംബവീട്ടിൽ സംസ്കരിച്ചു.