കർഷകർക്ക് ഐക്യദാർഢ്യം: ചെന്നിത്തല ജന്തർമന്ദറിൽ
Sunday 17 January 2021 11:51 PM IST
ന്യൂഡൽഹി: ജന്തർമന്ദറിലെ കർഷക പ്രക്ഷോഭ വേദിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ചു. സമരത്തിൽ പങ്കെടുക്കുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് എം. പിമാരേയും എം. എൽ. എമാരേയും കർഷകരേയും സന്ദർശിച്ച് കേരളത്തിലെ ജനങ്ങളുടെയും കോൺഗ്രസിന്റെയും പൂർണ്ണ പിന്തുണ അറിയിക്കാനാണ് താനെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഫലപ്രദമായ ഒരു ചർച്ചപോലും നടത്തിയില്ല. പ്രധാനമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സമരത്തെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുകയാണ്. കോർപ്പറേറ്റുകളുടെ നേട്ടത്തിനായി കൊണ്ടുവന്ന മൂന്ന് നിയമങ്ങളും പിൻവലിച്ച് സമാധാനാന്തരീക്ഷം സൃഷ്‌ടിക്കാനുളള ബാദ്ധ്യത കേന്ദ്രത്തിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.