അധികൃതരുടെ അനാസ്ഥ: ചാവക്കാട് മുതുവട്ടൂര്‍ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ചാവക്കാട്: മുതുവട്ടൂർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഗെയിൽ വാതക പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൂറ്റനാട് പമ്പ്ഹൗസിൽ നിന്ന് ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നൽകുന്ന പ്രധാന പൈപ്പാണിത്. പൈപ്പ് പൊട്ടിയതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. കഴിഞ്ഞ ആഴ്ച്ച മമ്മിയൂർ ജംഗ്ഷനിലും പൈപ്പ് പൊട്ടിയിരുന്നു. തുടർന്ന് നാലു ദിവസത്തിന് ശേഷമാണ് അധികൃതർ അറ്റകുറ്റപണി നടത്തി കുടിവെള്ള വിതരണം പുനർസ്ഥാപിച്ചത്. മുതുവട്ടൂർ റോഡിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും അധികൃതരുടെ അനാസ്ഥ കാരണം നടപടിയായിട്ടില്ല എന്ന ആക്ഷേപം ഉണ്ട്. എത്രയും പെട്ടെന്ന് ജലവിതരണം പുനർസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.