ജോ ബയ്ഡന്റെ സ്ഥാനാരോഹണച്ചടങ്ങിൽ അക്രമങ്ങൾ ഉണ്ടായേക്കുമെന്ന് എഫ് ബി ഐ, സുരക്ഷാ ഉദ്യോഗസ്ഥരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നു
വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റായി ജോ ബയ്ഡൺ സ്ഥാനമേൽക്കുന്ന ചടങ്ങിൽ അക്രമങ്ങൾ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ് ബി ഐയുടേതാണ് മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുപോലും ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് എഫ് ബി ഐ നൽകുന്ന മുന്നറിയിപ്പ്.
ഇതിനെത്തുടർന്ന് വാഷിംഗ്ടൺ ഡി സിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈമാസം 20നാണ് ജോ ബയ്ഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിൽ ട്രംപ് അനുകൂലികൾ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ആറിനാണ് ബയ്ഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് പാർലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിൽ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ കടന്നതോടെ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിറുത്തിവയ്ക്കുകയും കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് അക്രമികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു സ്ത്രീ പൊലീസിന്റെ വെടിയേറ്റാണ് മരിച്ചത്.