വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി മീം പ്രചരിപ്പിച്ചു; ചലച്ചിത്ര താരത്തിനെതിരെ പരാതി നൽകി ബിജെപി നേതാവ്

Monday 18 January 2021 11:13 AM IST

കൊൽക്കത്ത: ട്വി‌റ്ററിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മീം പോസ്‌റ്റ് ചെയ്‌ത ബംഗാളി നടി സായോണി ഘോഷിനെതിരെ പൊലീസിൽ പരാതി നൽകി മുതിർന്ന ബിജെപി നേതാവ്. മേഘാലയ മുൻ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയ് ആണ് നടിക്കെതിരെ ബംഗാളിലെ രബീന്ദ്ര സരോബർ പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടത്.

'ഷെയർ ചെയ്‌ത മീം തന്റെ വികാരം വ്രണപ്പെടുത്തിയതായി ഗുവാഹത്തിയിൽ നിന്നും ഒരാൾ എന്നെ അറിയിച്ചു. അയാൾ അസം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതേ പോസ്‌റ്റിൽ ബംഗളൂരുവിലെ ഒരാളും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഞാനും പരാതി നൽകുന്നു. ഭവിഷ്യത്തുകൾ അനുഭവിച്ചുകൊള‌ളുക' നടിയെ പരാമർശിച്ച് ട്വി‌റ്ററിൽ തഥാഗത റോയ് പോസ്‌റ്റ് ചെയ്‌തു.

എന്നാൽ സംഭവത്തിൽ താൻ കു‌റ്റക്കാരിയല്ലെന്നും 2010 മുതൽ ട്വി‌റ്റർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇടക്ക് താൽപര്യം നഷ്‌ടപ്പെട്ടു. ആ സമയം 2015ൽ ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് പോസ്‌റ്റ് ചെയ്‌തതാണ് ഈ മീമെന്നാണ് സായോണി ഘോഷ് അറിയിച്ചത്. 2017ന് ശേഷമേ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി മനസ്സിലായുള‌ളൂവെന്നും ഉടൻ തന്നെ പ്രശ്‌നം പരിഹരിച്ചതായും നടി പറഞ്ഞു.