കൊച്ചിയിൽ എട്ട് വയസുകാരന് നേരെ സഹോദരീ ഭർത്താവിന്റെ ക്രൂര പീഡനം; ചട്ടുകവും തേപ്പ്പെട്ടിയും ഉപയോഗിച്ച് പൊള‌ളിച്ചു

Monday 18 January 2021 2:02 PM IST

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി കണ്ടെത്തിയെന്നും സംഭവത്തിൽ സഹോദരീ ഭർത്താവ് പ്രിൻസിനെ(21)അറസ്‌റ്റ് ചെയ്‌തതായും മരട് പൊലീസ് അറിയിച്ചു.

ഒരു വർഷമായി ഇത്തരത്തിൽ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രിൻസ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവർഷമായി വീട്ടിൽ എല്ലാ അധികാരവും ഇയാൾക്കുണ്ട്. കുട്ടിയുടെ അച്ഛൻ തളർവാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്‌ക്ക് പ്രിൻസിനെ ഭയമായതിനാലും ഉപദ്രവം എതിർക്കാനായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കുട്ടിയുടെ സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും മരട് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇക്കാര്യവും അന്വേഷിക്കും.ഇവരുടെ മ‌റ്റ് ബന്ധുക്കൾ പ്രിൻസിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്നെ പ്രിൻസ് പതിവായി ഉപദ്രവിക്കാറുണ്ടെന്ന് എട്ടുവയസ്സുകാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രിൻസ് തന്റെ മുഖത്തടിയ്‌ക്കാറുണ്ടെന്നും ന്യൂ ഇയറിന് പപ്പാനിയെ കത്തിക്കുന്ന ചടങ്ങിന് പോയപ്പോൾ അവിടെയെത്തി തിരികെ വീട്ടിൽ കൊണ്ടുവന്ന് ബെൽ‌റ്റിനടിച്ചുവെന്നും കുട്ടി പറഞ്ഞു. ശേഷം സ്‌ക്രൂഡ്രൈവറെടുത്ത് കുത്താൻ ശ്രമിച്ചു, പിന്നീട് പിൻ എടുത്ത് ദേഹത്ത് വരച്ചു. പ്രിൻസ് ചട്ടുകം ചൂടാക്കി വക്കുമ്പോൾ അമ്മ തടയാറുണ്ടെന്ന് കുട്ടി പറഞ്ഞു. എന്നാൽ അമ്മ പോയിക്കഴിഞ്ഞാൽ പ്രിൻസ് വീണ്ടും ഉപദ്രവിക്കും.

കടയിൽ പോയപ്പോൾ തന്നുവിട്ട 200 രൂപ കാണാതായി. ഇത് അന്വേഷിക്കുന്നതിനിടെ നേരം വൈകി. തുടർന്ന് വീട്ടിലെത്തിയ തന്നെ ചട്ടുകം വച്ചും തുടർന്ന് തേപ്പുപെട്ടി കൊണ്ടും പൊള‌ളിച്ചതായി കുട്ടി പറഞ്ഞു. അടുത്ത വീട്ടിലെ സ്‌ത്രീയോട് ഈ കാര്യങ്ങളെല്ലാം കഴിഞ്ഞദിവസം കുട്ടി പറഞ്ഞു. ഇവർ വിവരം നാട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടതോടെയാണ് വാർത്തയായത്. തുടർന്ന് സ്ഥലത്തെ കൗൺസിലർ‌ വീട്ടിലെത്തി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം പൊലീസിൽ അറിയിച്ചു. ഇതോടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ച ശേഷം പ്രിൻസിനെ അറസ്‌റ്റ് ചെയ്‌തു.