പാർലമെന്റിൽ തോറ്റവരെയൊക്കെ നിയമസഭയിൽ അങ്കത്തിനിറക്കും; സാദ്ധ്യതാ പട്ടികയിൽ പത്ത് സി പി എം നേതാക്കൾ

Monday 18 January 2021 2:43 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സി പി എമ്മിലെ വൻനിര നിയമസഭാ തിരഞ്ഞെടുപ്പ് സാദ്ധ്യതാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് ആകാംഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലോക്‌സഭയിൽ രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാൽ തന്നെ ഇവരിൽ ഭൂരിഭാഗത്തെയും നിയമസഭയിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായമാണ് നേതാക്കൾക്കുളളത്.

മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പരീക്ഷിച്ച എസ് എഫ് ഐ ദേശീയ അദ്ധ്യക്ഷൻ വി പി സാനുവിനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കാമെന്നാണ് സൂചന. യു ഡി എഫ് തരംഗം ആഞ്ഞു വീശിയതിനാലാണ് കാസർകോട് പരാജയപ്പെട്ടത് എന്നതിനാൽ കെ പി സതീഷ് ചന്ദ്രനെ നിയമസഭയിൽ പരിഗണിക്കണമെന്ന അഭിപ്രായം ശക്തമാണ്. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും മത്സരിക്കാൻ നിൽക്കുകയാണ് എന്നതിനാൽ സതീഷ് ചന്ദ്രന് ഏത് സീറ്റ് നൽകുമെന്നതാണ് പ്രധാന വിഷയം.

ജോസ് വിഭാഗത്തിനെ എൽ ഡി എഫിന്റെ ഭാഗമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വി എം വാസവനെ ഏറ്റുമാനൂരിൽനിന്ന് മത്സരിപ്പിക്കാനുളള സാദ്ധ്യത സിറ്റിംഗ് എം എൽ എ ആയ സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും. ആറ്റിങ്ങലിൽ തോറ്റ ശേഷവും ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധിയായ എ സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാൻ പരീക്ഷിച്ചേക്കാം.

കെ എൻ ബാലഗോപാലിന്റെ പേര് കൊല്ലത്തെ പല മണ്ഡലങ്ങളിൽ നിന്നും ഉയർന്നുകേൾക്കുന്നുണ്ട്. മറ്റൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവിന് സീറ്റ് ലഭിച്ചാൽ അദ്ദേഹം കളമശേരിയിൽ നിന്ന് മത്സരിക്കാനാണ് സാദ്ധ്യത. സി പി എം ശക്തി ദുർഗങ്ങളായ പാലക്കാടും ആലത്തൂരും കുത്തിയൊലിച്ചു പോയപ്പോൾ അടി തെറ്റിയ പി കെ ബിജുവും എം ബി രാജേഷും മലമ്പുഴയിലോ തൃത്താലയിലോ മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാദ്ധ്യതയുളള മണ്ഡലമാണ്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിജുവിന് അവിടെയും സാദ്ധ്യതയുണ്ട്.

വടകരയിൽ സ്ഥാനാർത്ഥി ആക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ പി ജയരാജന് തിരഞ്ഞെടുപ്പിൽ അടിതെറ്റിയതോടെ നിലവിൽ പദവികളില്ല. രണ്ട് ടേം പൂർത്തിയാക്കിയതിന്റെ പേരിൽ കണ്ണൂരിലെ പാർട്ടി കോട്ടകളിൽനിന്നു ചിലരെ സി പി എം മാറ്റിയാൽ ജയരാജന് വഴി തെളിയും. കെ കെ ശൈലജയെയും പി കെ ശ്രീമതിയെയും ഒരുമിച്ച് നിയമസഭയിലേക്ക് കൊണ്ടു വരണോ എന്ന ചോദ്യത്തെ ആശ്രയിച്ചാണ് ശ്രീമതിയുടെ സാദ്ധ്യത. ഇവർ പാർലമെന്ററി രംഗത്ത് തന്റെ ടീമിന്റെ ഭാഗമാകണമെന്ന് പിണറായി വിജയൻ തീരുമാനിച്ചാൽ ഇരുവരും മത്സരിക്കും.