ലോകത്തിന് മാതൃക : അയൽരാജ്യങ്ങൾക്കും ഇന്ത്യയുടെ സൗജന്യവാക്സിൻ, ആഴ്ചകൾക്കുള്ളിൽ വിതരണം തുടങ്ങും

Monday 18 January 2021 7:21 PM IST

ന്യൂഡൽഹി : രാജ്യത്ത് നിർമ്മിച്ച കൊവിഡ് വാക്സിൻ അയൽരാജ്യങ്ങൾക്ക് സൗജന്യമായി നൽകാൻ ഇന്ത്യ ഒരുങ്ങുന്നു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾക്കാണ് സൗജന്യമായി ഇന്ത്യ വാക്സിൻ നൽകുന്നത്.

സീറം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച ഓക്സ്ഫോഡ് അസ്ട്രാസെനക്കയുടെ കൊവിഷീൽഡ് വാക്സീൻ, ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ എന്നിവയാണ് ഈ രാജ്യങ്ങൾക്ക് അയച്ചുകൊടുക്കുന്നത്. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ല. അടുത്ത ഷിപ്‌മെന്റുകൾക്ക് ഓരോ കമ്പനിക്കും രാജ്യങ്ങൾ പണം നൽകി വാങ്ങേണ്ടിവരും.

നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്സിൻ ആവശ്യപ്പെട്ടത്. മ്യാൻമറും ബംഗ്ലദേശും സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വദേശകാര്യമന്ത്രി അവർക്ക് ഉറപ്പു നൽകിയിരുന്നു

ബ്രസീലിന്റെ ഫയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ട്, സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യൺ ഡോസ് വാക്സീനുകൾ കൊണ്ടുപോകാൻ ബ്രസീൽ ഒരു വിമാനം അയച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അപ്പോൾ വാക്സിൻ വിതരണം ആരംഭിക്കാത്തതിനാൽ കേന്ദ്രം അതിന് അനുമതി നൽകിയില്ല.