സൈനികൻ പൊലീസിനെ ആക്രമിച്ച സംഭവം; ലൈംഗിക ചുവയുള്ള ആംഗ്യം കാട്ടി, വനിതാ ഉദ്യോഗസ്ഥയോടു മോശമായി പെരുമാറി, എസ്ഐയെ കടിച്ചു

Monday 18 January 2021 7:25 PM IST

തിരുവനന്തപുരം: തന്നെ തടഞ്ഞ പൂന്തുറ പൊലീസിനോട് സൈനികൻ കെൽ‌വിൻ വെൽസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് വിവരം. ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ലൈംഗിക ചുവയുള്ള ആംഗ്യം കാട്ടുകയും വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

പൊലീസുകാരുമായുള്ള ഇയാളുടെ തർക്കം രൂക്ഷമായതിനെ തുടർന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും വിവരമറിച്ചതിനെ തുടർന്ന് പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച കെൽ‌വിൻ ബലപ്രയോഗം നടത്തുകയും എസ്ഐ മാരിൽ ഒരാളായ വിഷ്ണുവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു.

എസ്ഐ അനൂപിന് ഇയാളിൽ നിന്നും കടി ഏൽക്കുകയും ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര സൈനികനെ പൊലീസ് കണ്‍ട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയാണ് തടഞ്ഞത്.

ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനും സൈനികനെതിരെ കേസെടുക്കുകയും ഇയാളെ പൊലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ സൈനികനെതിരെ പൂന്തുറ പൊലീസ് കള്ളക്കേസാണ് എടുത്തതെന്നും ഇയാളെ പൊലീസ് അന്യായമായി കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചുകൊണ്ടാണ് ബന്ധുക്കൾ പൂന്തുറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയ പൊലീസ് വാഹനം ഇവർ തടയുകയും ചെയ്തു.