'ഞങ്ങൾ മൈക്ക് കെട്ടി വിളിച്ച് പറയും'
തിരുവനന്തപുരം: താങ്കൾ പുരപ്പുറത്ത് കയറി നിന്ന് വിളിച്ച് പറഞ്ഞാൽ ഞങ്ങൾ കുന്നിന്റെ മുകളിൽ കയറി നിന്ന് തിരിച്ച് വിളിച്ച് പറയും. കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകറുമായി ഇന്നലെ നടന്ന ചർച്ചയിൽ ബി.എം.എസിന്റെ സംഘടനയായ കെ.എസ്.ആർ.ടി.സി എംപ്ളോയീസ് സംഘ് നേതാവ് രാജേഷ് പറഞ്ഞു.
താങ്കൾ വാർത്താസമ്മേളനം നടത്തി ഒരിടത്ത് പറഞ്ഞാൽ തങ്ങൾ നൂറ് ഡിപ്പോകളിൽ മൈക്ക് കെട്ടി പറയുമെന്നായി ടി.ഡി.എഫ് നേതാവ് ആർ.ശശിധരൻ.
വാർത്തകൾ വളച്ചൊടിച്ചതാണെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. വിവാദ പ്രസ്താവനകൾ ഒഴിവാക്കി സൗഹൃദത്തിൽ പോകണമെന്നാണ് മുഖ്യമന്ത്രി ഉപദേശിച്ചത്. നമ്മൾ തങ്ങളിൽ പിണങ്ങേണ്ടിവരില്ലല്ലോ. പിണങ്ങിയാൽ എങ്ങനെ മുന്നോട്ട് പോകാനാകും. അങ്ങനെ പോകാനാവില്ലെന്ന് അറിയാമെന്നും ബിജുപ്രഭാകർ പറഞ്ഞതോടെ ചർച്ച സൗഹൃദ അന്തരീക്ഷത്തിലേക്ക് മാറി. നമ്മൾ ചിരിക്കുന്നത് അവർ കാമറയിൽ പകർത്തട്ടെ എന്നായി ബിജു പ്രഭാകർ.
കിഴക്കേക്കോട്ട ട്രാൻസ്പോർട്ട് ഭവനിൽ മൂന്നേകാൽ മണിക്കൂർ നീണ്ട ചർച്ചയിൽ നിലപാടിൽ ഇരുപക്ഷവും അയഞ്ഞില്ലെങ്കിലും സൗഹൃദത്തിൽ അവസാനിക്കുകയായിരുന്നു.