ഹിന്ദി വശമില്ലെങ്കിലും പാർട്ടിയുടെ പൾസ് അറിയാൻ ഉമ്മൻചാണ്ടിക്കേ കഴിയൂ; മുഖ്യമന്ത്രി പദം പങ്കിടാനുളള സമവായത്തിന് ഹൈക്കമാൻഡ് പച്ചകൊടി നൽകിയത് ഇങ്ങനെ

Tuesday 19 January 2021 9:17 AM IST

ഏതാണ്ട് ഒന്നരമണിക്കൂർ അടുപ്പിച്ച് യാത്ര. 47.4 കിലോമീറ്റർ ദൂരം. ഇതാണ് ഹരിപ്പാട് നിന്ന് പുതുപ്പളളിയിലേക്ക് എത്താനായി വേണ്ടത്. എന്നാൽ കേരളരാഷ്ട്രീയത്തിൽ നിന്നും പതിനെട്ട് അടവും പയറ്റി തെളിഞ്ഞ ഉമ്മൻ ചാണ്ടി ആരെന്ന് അറിയാൻ രമേശ് ചെന്നിത്തലയ്‌ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. ദേശീയ രാഷ്ട്രീയവും ഹിന്ദിയും വശമില്ലെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പൾസ് അറിയാൻ താൻ തന്നെ വേണമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. നാലര വർഷത്തെ നിശബ്‌ദ രാഷ്ട്രീയത്തിന് ശേഷം കേരളം പ്രതീക്ഷിച്ച മടങ്ങിവരവ്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ശക്തനല്ലെന്ന തരത്തിൽ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുളള നേതാവാണ് രമേശ് ചെന്നിത്തല. ക്രിയാത്മക പ്രതിപക്ഷമില്ലെന്ന ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം ചെന്നിത്തല അക്ഷോഭ്യനായി പുതിയ സാദ്ധ്യതകൾ തേടികൊണ്ടേയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസും യു ഡി എഫും മിന്നും വിജയം നേടിയപ്പോൾ ക്രെഡിറ്റ് മുഴുവൻ രാഹുൽ ഗാന്ധിക്കാണ് പോയത്. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അടിതെറ്റിയപ്പോൾ, പഴികേൾക്കേണ്ടി വന്നത് ചെന്നിത്തലയും. എന്താണ് ഇനി ചെന്നിത്തലയുടെ ഭാവിയെന്നാണ് കണ്ടറിയേണ്ടത്. അതറിയാൻ ഇനി അധികം സമയമൊന്നും വേണ്ട. നാലേ നാല് മാസം മാത്രം മതി.

2016ലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി തന്നെ അന്ന് ഏറ്റെടുത്തു. യു.ഡി.എഫ് ചെയർമാൻ പദവിയും പ്രതിപക്ഷ നേതാവിന്റെ പദവിയും ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. അങ്ങനെയാണ് രണ്ട് പദവികളും രമേശ് ചെന്നിത്തലയിൽ വന്നുചേർന്നത്. ഉമ്മൻ ചാണ്ടി പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറേ പൂർണമായും മാറിനിൽക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ട്. പതിറ്റാണ്ടുകളായി കളം നിറഞ്ഞുകളിച്ച ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യം അവിടവിടെ പ്രതിഫലിക്കാനും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അനുയായികൾ അതിനെ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്‌തു.

കോൺഗ്രസിന്റെ സൈബർ പോരാളികളിൽ നിന്ന് ഉമ്മൻ ചാണ്ടിയ്‌ക്ക് കിട്ടിയിരുന്ന മാദ്ധ്യമ പരിലാളനകൾ അതേഅളവിൽ രമേശ് ചെന്നിത്തലയ്‌ക്ക് ഒരുകാലത്തും ലഭിച്ചിരുന്നില്ല. പ്രതിപക്ഷ സമരങ്ങൾക്ക് ചൂടുപോരെന്ന് പല കോണുകളിൽ നിന്നും ഒളിയമ്പുകൾ തൊടുക്കപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടായിരുന്നു പിന്നീട് ചെന്നിത്തലയുടെ നീക്കങ്ങൾ.

2018 ലെ മഹാപ്രളയകാലത്തും പൗരത്വ പ്രക്ഷോഭ നാളുകളിലും സർക്കാരിനൊപ്പം നിന്നുകൊണ്ട് എന്തായിരിക്കണം യഥാർത്ഥ പ്രതിപക്ഷ ധർമ്മം എന്നത് രമേശ് ചെന്നിത്തല ഉയർത്തിപ്പിടിച്ചു. പിന്നീട്, ആ നിലപാടുകൾ സമ്മർദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് മാറ്റേണ്ടി വന്നു. പാർട്ടിയില്‍ നിന്നും മുന്നണിയിൽ നിന്നും ഉയർന്ന കടുത്ത സമ്മർദ്ദങ്ങൾ തന്നെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട് മാറ്റത്തിന് കാരണം. കൊവിഡ് കാലത്ത് പ്രതിപക്ഷ നേതാവ് സ്വീകരിച്ച ചില നിലപാടുകൾ പിന്തിരിപ്പനെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന സ്‌പ്രിൻക്ലർ വിവാദം സർക്കാരിന്റെ നെഞ്ചത്ത് തന്നെ തറച്ചു. ആദ്യം പരിഹസിച്ച് തളളിയെങ്കിലും, പതിയെ ചില കാര്യങ്ങളിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഒന്നിനു പിറകെ ഒന്നായി ചെന്നിത്തല സർക്കാരിന് എതിരായി അഴിമതി ശരങ്ങൾ തൊടുത്തുവിട്ടുകൊണ്ടേയിരുന്നു.

കൊവിഡിന്റെ തുടക്കത്തിൽ നടത്തിയിരുന്ന പ്രതിദിന വാർത്താ സമ്മേളനങ്ങളുടെ പേരിൽ കെ.കെ ശൈലജയ്‌ക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞ ചെന്നിത്തല അതിനു ശേഷം തുടർച്ചയായി നടത്തിയ പത്ര സമ്മേളനങ്ങളിൽ ഇതിന്റെ പേരിലും പരിഹസിക്കപ്പെട്ടു. സ്വർണക്കടത്ത് അടക്കമുളള ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ കുഴങ്ങിക്കിടക്കുമ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതാണ് ചെന്നിത്തലയ്‌ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. സർക്കാരിന്റെ ദൗർബല്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന ആക്ഷേപവും ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം അത് മാത്രമല്ലെന്ന് അറിയുന്നവരും പ്രതിപക്ഷത്തെ തന്നെ പ്രതിസ്ഥാനത്ത് നിർത്തുകയായിരുന്നു.

എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനത്തിരിക്കുമ്പോൾ ആയിരുന്നു ജോസ് കെ മാണിയുമായുളള പ്രശ്‌നം മൂർച്ഛിച്ചത്. പിന്നീട് ജോസ് ഇടതുമുന്നണിയിലേക്ക് ചേക്കേറി. അതിന് ശേഷം എ ഗ്രൂപ്പ് നേതാവ് എം എം ഹസൻ യു ഡി എഫ് കൺവീനർ പദവിയിൽ എത്തിയപ്പോൾ ആണ് വെൽഫയർ സഹകരണം തുടങ്ങിവച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഇതായിരുന്നു. ഒരുപക്ഷേ, ഐ ഗ്രൂപ്പിന് നേരിട്ട് ബന്ധമില്ലാത്ത, എ ഗ്രൂപ്പിന് പ്രത്യക്ഷത്തിൽ പങ്കുളള രണ്ട് കാരണങ്ങൾ.

നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രി പദം ചെന്നിത്തല ഏറെക്കുറേ ഉറപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെയാണ് ഇത് തകിടം മറിഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പിൽ ചെന്നിത്തല നയിച്ചാൽ വിജയിക്കാനാവില്ലെന്ന് കൂടെ നിന്ന ഘടകക്ഷികൾ പോലും പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തലയുടെ പ്രകടനത്തിൽ ഹൈക്കമാൻഡിന് പോലും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ ഭരണം പിടിക്കുക എന്നത് ചെന്നിത്തലയിലൂടെ സാദ്ധ്യമല്ലെന്ന് ഹൈക്കമാൻഡും വിലയിരുത്തിക്കഴിഞ്ഞു എന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. അതാണ് ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് വീണ്ടും കൊണ്ടുവന്നത്.

ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ടുവന്നെങ്കിലും ചെന്നിത്തലയുടെ പ്രാധാന്യം ഒരുതരത്തിലും താഴരുത് എന്ന നിർബന്ധം ഹൈക്കമാൻഡിനും ഉണ്ട്. അതാണ് ഹൈക്കമാൻഡ് പ്രതിനിധിയായി എ.കെ ആന്റണിയ്ക്ക് ചുമതല നൽകിയിരിക്കുന്നത്. ഗ്രൂപ്പുകൾക്ക് അതീതനായി ആന്റണി വരുമ്പോൾ, ഉമ്മൻ ചാണ്ടിയ്ക്ക് അപ്രമാദിത്തമില്ലെന്ന സൂചനയും ഹൈക്കമാൻഡ് നൽകുന്നുണ്ട്. ക്രൈസ്‌തവ വോട്ടുകളെ തിരികെ എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് പ്രതിഷ്‌ഠിക്കുമ്പോൾ. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുമ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ അകലുമോ എന്ന സംശയവും നിലനിൽക്കുന്നു. ബി.ജെ.പി ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ നീക്കം തിരിച്ചടിയാവില്ലേ എന്ന ആശങ്കയും ചിലർ പങ്കുവയ്‌ക്കുന്നുണ്ട്.

ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി പദം പങ്കിടുക എന്ന സമവായ നീക്കത്തിന് ഹൈക്കമാൻഡ് പച്ചകൊടി കാണിക്കാനാണ് സാദ്ധ്യത. ഭരണം ലഭിച്ചാൽ അർഹമായ സ്ഥാനം ചെന്നിത്തലയ്‌ക്ക് ലഭിക്കുമെന്ന ഉറപ്പും നൽകിയേക്കും. രമേശ് ചെന്നിത്തലയും കൂടിയാണ് പാർട്ടിയേയും മുന്നണിയേയും നയിക്കുന്നത് എന്ന വികാരത്തിനായിരിക്കും ഹൈക്കമാൻഡും മുൻഗണന നൽകുക.