വാഹനങ്ങളിൽ നിന്ന് മോഷണം പ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: റോഡരുകിലും ആരാധനാലയങ്ങൾക്ക് സമീപവും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് മോഷണം നടത്തുന്ന ആളെ പൊലീസ് പിടികൂടി. തിരുവനന്തപുരം പാങ്ങോട് സന്ധ്യ ക്വാർട്ടേഴ്സിൽ സനീഷ്ഗോപി (37) യെയാണ് ബത്തേരി പൊലീസ് ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ബത്തേരിയിലെ അസംപ്ഷൻ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവർ പള്ളിയുടെ സമീപത്തായി പാർക്ക് ചെയ്ത ഓമ്നി കാറിൽ നിന്നും സ്കൂട്ടറിൽ നിന്നും പണവും മൊബൈൽഫോണും അപഹരിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്.മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ പൊലീസ് പരിസരപ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചാണ് പ്രതിയെ വലയിലാക്കിയത്.റോഡരുകിലും ആരാധനാലങ്ങൾക്ക് സമീപവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കുത്തിതുറന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. നിരവധി മോഷണകേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം മ്യുസിയം പൊലീസിൽ ഇയാളുടെ പേരിൽ നിലവിൽ കേസുണ്ട്.