ഇന്ത്യക്കെതിരായ തീവ്രവാദ ഗ്രൂപ്പുകളെ തകർക്കാൻ സഹകരിക്കുന്നില്ല; പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി നിയുക്ത അമേരിക്കൻ പ്രതിരോധ സെക്രട്ടറി

Wednesday 20 January 2021 1:48 PM IST

വാഷിംഗ്‌ടൺ: തീവ്രവാദികളുടെ സ്വർഗമാണ് പാക്കിസ്ഥാനെന്ന് നിയുക്ത അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ. തീവ്രവാദികളുടെയും ഭീകരവാദ സംഘടനകളുടെയും പ്രവർത്തനം പാകിസ്ഥാനിൽ അവസാനിപ്പിക്കുന്നതിന് താൻ ശ്രമിക്കുമെന്നും ഓസ്‌റ്റിൻ അഭിപ്രായപ്പെട്ടു.അമേരിക്കൻ സെന‌റ്റ് ആംഡ് സെർവീസസ് കമ്മി‌റ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ലോയ്‌ഡ് ഓസ്‌റ്റിൻ.

ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കർ-ഇ-ത്വയ്‌ബ, ജയ്ഷെ മുഹമ്മദ് എന്നിവയെ ഇല്ലായ്‌മ ചെയ്യുന്നതിനുള‌ള പാകിസ്ഥാന്റെ പ്രവർത്തനം അപൂർണമാണെന്നും ലോയ്‌ഡ് ഓസ്‌റ്റിൻ അഭിപ്രായപ്പെട്ടു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾ വർദ്ധിച്ചത് പാകിസ്ഥാന്റെ നിസ്സഹകരണത്തിന് തെളിവാണെന്നും ഓസ്‌റ്റിൻ പറഞ്ഞു.

'ഇന്ത്യയുടെ മുഖ്യ പ്രതിരോധ പങ്കാളി എന്ന സ്ഥാനവും അവരുമായുള‌ള പ്രതിരോധ സഹകരണവും അമേരിക്ക വിപുലീകരിക്കും.' ഓസ്‌റ്റിൻ അറിയിച്ചു. ചൈനയെ കുറിച്ചും ഓസ്‌റ്റിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ ആധിപത്യം നേടാൻ ശ്രമിക്കുന്ന ചൈന ഇപ്പോൾ വലിയ ലോകശക്തിയാകാൻ ശ്രമിക്കുകയാണ്.ഏഷ്യയിലും ലോകമാകെയും നിയന്ത്രിക്കുന്നതിനുള‌ള ശ്രമമാണ് ചൈനക്കെന്നും ഓസ്‌റ്റിൻ കു‌റ്റപ്പെടുത്തി.

അമേരിക്കയുടെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകും 67 വയസുകാരനായ ലോയിഡ് ഓസ്‌റ്റിൻ. സേനയിലെ വിരമിച്ച ആർമി ജനറൽ കൂടിയായ അദ്ദേഹം അമേരിക്കയുടെ വിവിധ സൈനിക ദൗത്യങ്ങളിൽ നേതൃത്വം നൽകിയിട്ടുണ്ട്.