മാറ്റിനിർത്തിയതായി തോന്നുന്നില്ല; ഉമ്മൻചാണ്ടിയുടെ നേതൃത്വം തിരഞ്ഞെടുപ്പിൽ അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല

Wednesday 20 January 2021 3:28 PM IST

തിരുവനന്തപുരം: മേൽനോട്ട സമിതി അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുളള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല. മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെയും ഉയർത്തിക്കാട്ടാറില്ലെന്നും പാർട്ടിയിൽ തന്നെ ആരും പാർശ്വവത്‌ക്കരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സംശയമുണ്ടാക്കുന്നത് മാദ്ധ്യമങ്ങളാണ്. സ്ഥാനാർത്ഥികളെപ്പോലും മാദ്ധ്യമങ്ങൾ തീരുമാനിക്കുന്നു. ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വം തിരഞ്ഞെടുപ്പിൽ അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

നാലേമുക്കാൽ വർഷം പ്രതിപക്ഷത്തെ നയിച്ച ചെന്നിത്തലയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പദവി നൽകി ഉമ്മൻചാണ്ടിയെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതിൽ ഐ ഗ്രൂപ്പ് അമർഷത്തിലാണ്. കേരളത്തിലെ പാർട്ടിയാകെ ഹൈക്കമാൻഡ് പരിപൂർണ നിയന്ത്രണത്തിലായതിനാലാണ് വലിയ പൊട്ടിത്തെറികൾ ഉയരാത്തത്. എങ്കിലും ഐ ക്യാമ്പിൽ ചെന്നിത്തലയോട് ഏറ്റവും അടുപ്പമുളളവർ വരും ദിവസങ്ങളിൽ പ്രതികരിച്ചേക്കും.

തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലക്ക് അർഹമായ പദവി കിട്ടണമെന്ന് ഐ എൻ ടി യു സി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ പറഞ്ഞു. അതിനിടെ ഉമ്മൻചാണ്ടിക്കായി കരുക്കൾ നീക്കിയ ലീഗ് വിവാദമൊഴിവാക്കാനായി പുതിയ പദവിയിൽ പങ്കില്ലെന്ന പരസ്യനിലപാടെടുത്തു.