ഒരു മണിക്കൂർ കൊണ്ട് ഈ പാത്രത്തിലുളളത് മുഴുവൻ കഴിച്ചു തീർത്താൽ തിരികെ രണ്ട് ലക്ഷത്തിന്റെ ബുളളറ്റുമായി വീട്ടിൽ പോകാം; വമ്പൻ ഓഫറുമായി ഹോട്ടൽ, വീഡിയോ കാണാം
മുംബയ്: ഒരു മണിക്കൂറിനകം വയറുനിറയെ ഭക്ഷണം കഴിച്ച് തീർത്താൽ ഒരു റോയൽ എൻഫീൽഡ് സമ്മാനം കിട്ടും. നിങ്ങൾ വിശ്വസിച്ചോ? വിശ്വസിച്ചില്ലെങ്കിൽ വിശ്വസിക്കേണ്ടി വരും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്‌രാജ് ഹോട്ടലാണ്.
വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്‌നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
'വിൻ എ ബുളളറ്റ് ബൈക്ക്' എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലിൽ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാൽ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കിൽ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടൽ നടത്തിപ്പുകാർ പറയൂ.
അറുപത് മിനിറ്റിൽ ഒരു വലിയ പ്ലേറ്റ് മുഴുവൻ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീർക്കുന്ന ആൾക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക.
വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നിൽ നിരത്തുന്നത്. നാല് കിലോഗ്രാം മട്ടണും പൊരിച്ച മീനും ചിക്കൻ തന്തൂരിയും ചെമ്മീനും ബിരിയാണിയുമെല്ലാം ഉൾപ്പെട്ട പ്ലേറ്റ് അത്ര എളുപ്പത്തിലൊന്നും തീർക്കാനാകില്ലെന്നാണ് പങ്കെടുത്തവർ പറയുന്നത്. 55 പേർ ചേർന്നാണ് മത്സരത്തിനുളള വിഭവങ്ങൾ പാകം ചെയ്യുന്നത്.
ഒരു പ്ലേറ്റിന് 2,500 രൂപയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ നടത്തുന്നതെന്ന് ഹോട്ടൽ ഉടമ അതുൽ വൈകർ പറഞ്ഞു. ഓരോ ദിവസവും 65 പേരെങ്കിലും മത്സരിക്കാൻ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നടത്തിയ മത്സരത്തിൽ മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുളള സോംനാഥ് പവാറിന് മാത്രമാണ് ബുളളറ്റ് കിട്ടിയത്.
അൺലോക്ക് സമയത്ത് വീടിന് പുറത്ത് ഇറങ്ങിയവർക്ക് കൗതുകമായി മാറുകയാണ് ഈ തീറ്റ മത്സരം. ഇത്തരമൊരു മത്സരം സംഘടിപ്പിച്ച് ഇന്ത്യയൊട്ടാകെ ഹോട്ടൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.