അമേരിക്കയിൽ ഇനി ബൈഡൻ യുഗം ; പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു

Wednesday 20 January 2021 10:20 PM IST

വാഷിംഗ്ടൺ: അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും (56)അധികാരമേറ്റു. ഇന്ത്യൻ സമയം രാത്രി 10.10ന് കമലഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

ര​ണ്ട് ടേമുകളിലായി എ​ട്ടു വ​ർ​ഷം വൈ​സ്​ പ്ര​സി​ഡ​ന്റും 36 വ​ർ​ഷം സെ​ന​റ്റ​റു​മാ​യ ബൈ​ഡ​ൻ അ​മേ​രി​ക്ക​യുടെ ഏറ്റവും പ്രാ​യമേറിയ പ്ര​സി​ഡ​ന്റാണ്. തമിഴ്നാട്ടിൽ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ഇന്ത്യയ്‌ക്കും അഭിമാന മുഹൂർത്തമായി.

അമേരിക്കൻ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്‌ക്ക് കിട്ടി. അമേരിക്കൻ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ ആണ് കമലയ്‌ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാൻ കമല രണ്ട് ബൈബിളുകൾ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ ജഡ്‌ജി തുർഗൂത് മാർഷൽ ഉപയോഗിച്ചതാണ് ഇതിൽ ഒന്ന്.

പിന്നാലെ ജോ ബൈഡൻ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതൽ ബൈഡൻ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡൻ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.

കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വൻ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.