ചടങ്ങുകളോട് മുഖം തിരിച്ചു, വൈറ്റ്ഹൗസിനോട് ബൈ പറഞ്ഞ് ട്രംപും കുടുംബവും
വാഷിംഗ്ടൺ: നൂറ്റാണ്ടുകളായുള്ള കീഴ്‌വഴക്കങ്ങളോട് മുഖംതിരിച്ച് ട്രംപും പരിവാരങ്ങളും വൈറ്റ്ഹൗസിന്റെ പടിയിറങ്ങി. 150 വർഷത്തിനിടെ ആദ്യമായാണ് മുൻ പ്രസിഡന്റും കുടുംബവും സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിക്കുന്നത്. അധിക്കാരക്കൈമാറ്റത്തിനു മുമ്പ് പരമ്പരാഗതമായി പ്രഥമ വനിത, നിയുക്ത പ്രഥമവനിതയ്ക്കു ചായ സത്കാരം നടത്താറുണ്ട്. എന്നാൽ, ഇത്തവണ ഈ ചടങ്ങ് നടത്താൻ മെലാനിയ തയ്യാറായില്ല. സത്കാരത്തിനുശേഷം നിയുക്ത പ്രഥമ വനിതയെ പ്രസിഡൻഷ്യൽ പാലസ് കാണിക്കുന്നതും പതിവാണ്. വൈറ്റ് ഹൗസിന്റെ നോർത്ത് പോർട്ടിക്കോയിൽ പ്രസിഡന്റ് പുതിയ പ്രസിഡന്റിനെ സ്വീകരിച്ച് കാപിറ്റോളിലേക്കു കൊണ്ടു പോകുന്ന ചടങ്ങും മുടങ്ങി. നിയുക്ത പ്രസിഡന്റിനെ കാപിറ്റോൾ ടവറിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്ന പരേഡിന് പകരം പരേഡ് എക്രോസ് അമേരിക്ക എന്ന പേരിൽ വെർച്വൽ പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കും.
മറക്കാന്‍ കഴിയാത്ത വർഷങ്ങളെന്നാണ് ആറു മിനിറ്റ് നീണ്ട വിടവാങ്ങൽ വിഡിയോ സന്ദേശത്തിൽ വൈറ്റ് ഹൗസ് വാസത്തെക്കുറിച്ച് മെലാനിയ വിശേഷിപ്പിച്ചത്. ട്രംപിനെക്കുറിച്ചു ചുരുക്കം ചില വാക്കുകൾ മാത്രമാണ് മെലാനിയ പരാമർശിച്ചത്. വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുമ്പോൾ തനിക്കൊപ്പം നിന്നവരുടെ സ്‌നേഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥകൾ ഹൃദയത്തോടു ചേർത്തു കൊണ്ടുപോകുകയാണെന്നും അക്രമം ഒന്നിനും ഉത്തരമല്ലെന്നും മെലാനിയ പറഞ്ഞു.