ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി ബൈഡൻ; ആദ്യം ഒപ്പിട്ടത് മാസ്‌ക് നിർബന്ധമാക്കുന്ന ഉത്തരവിൽ

Thursday 21 January 2021 7:16 AM IST

വാഷിംഗ്ടൺ: അധികാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ വിവാദമായ നയങ്ങൾ റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. പാരീസ് ഉടമ്പടിയിൽ വീണ്ടും പങ്കാളിയാകുന്നത് ഉൾപ്പടെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന പതിനേഴ് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് ബൈഡൻ വൈറ്റ്ഹൗസിൽ എത്തിയത്.പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പിട്ടത്. ആദ്യ 10 ദിവസത്തെ പദ്ധതികൾ ബൈഡൻ നേരത്തേ പുറത്തു വിട്ടിരുന്നു.'അൺ ട്രംപ് അമേരിക്ക' എന്ന പേരിലാണ് പദ്ധതികൾ.

100 ദിവസം കൊണ്ട് 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യും. കുടിയേറ്റ നിയമങ്ങളിലും സമ്പൂർണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. വർക്ക് വിസ സംവിധാനവും എച്ച്1ബി വിസ നിയമങ്ങളുമെല്ലാം മാറ്റിയേക്കും.

ഇന്നലെ ഉച്ചയ്ക്ക് 12ന്( ഇന്ത്യൻ സമയം രാത്രി 10.30) ആയിരുന്നു അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും അധികാരമേറ്റത്. യു.എസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.