ബി ജെ പിയുടെ കാവി കോട്ടയിൽ ശിവൻകുട്ടി ഇറങ്ങും; നേമം തിരിച്ചുപിടിക്കാൻ പറ്റിയ സാഹചര്യമെന്ന് സി പി എം

Thursday 21 January 2021 11:19 AM IST

തിരുവനന്തപുരം: ബി ജെ പിയുടെ കൈയിൽ നിന്ന് നേമം പിടിച്ചെടുക്കാൻ സി പി എം വി ശിവൻകുട്ടിക്ക് ഒരു അവസരം കൂടി നൽകുമെന്ന് സൂചന. മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ ആയ ഒ രാജഗോപാലിന് പകരം ഇത്തവണ ബി ജെ പി കളത്തിലിറക്കുന്നത് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ്. മണ്ഡലം കേന്ദ്രീകരിച്ച് താഴെത്തട്ടിലുളള പ്രവർത്തനങ്ങൾ കുമ്മനം തുടങ്ങികഴിഞ്ഞു. ഘടകക്ഷികൾക്ക് നൽകാതെ സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. സീറ്റ് ലക്ഷ്യമിടുന്ന വിജയൻ തോമസ് ഇതിനോടകം മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങികഴിഞ്ഞു.

ബി ജെ പിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനുളള സാഹചര്യമുണ്ടെന്ന് സി പി എം നേതാക്കൾ പറയുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബി ജെ പിക്ക് മികച്ച ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ബി ജെ പി ലീഡ് ചെയ്‌ത ഏക മണ്ഡലവും നേമം തന്നെ.

സീറ്ര് പിടിക്കുക എന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ൽ ജയിച്ചതിനേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ ശിവൻകുട്ടി നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാൻ പിടിച്ച് അദ്ദേഹം ബന്ധം നിലനിർത്തിയിട്ടുണ്ട്. അതിനാൽ യു ഡി എഫ് വോട്ടുകൾ ബി ജെ പിക്ക് പോയില്ലെങ്കിൽ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.