കൊവിഡിനെ തുരത്താൻ പട്ടാളത്തിന്റെ സഹായം തേടി സർക്കാർ! ഓരോ ആശുപത്രിയിലും ഇരുനൂറോളം സൈനികർ, ബ്രിട്ടനിൽ ഇന്നലെ മാത്രം മരിച്ചത് 1820 പേർ
ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 95,000 കടന്നു. ഇന്നലെ മാത്രം 1820 പേരാണ് മരിച്ചത്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ വലിയൊരു ശതമാനം ആളുകളും രോഗബാധിതരാണ്. ഇപ്പോഴിതാ ആരോഗ്യവകുപ്പിനെ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് സർക്കാർ.
ലണ്ടനിലും മിഡ് ലാൻസിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടത്തെ ആശുപത്രികളിലെ മുക്കാൽ ഭാഗം ജീവനക്കാരും വൈറസിന്റെ പിടിയിലായി. ഇതോടെ ബർമിങാം ക്യൂൻ എലിസബത്ത് ആശുപത്രി, കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, വാർവിക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെല്ലാം സൈനിക സഹായത്തോടെയാണ് ഇപ്പോൾ ചികിത്സകൾ നടക്കുന്നത്.
ഓരോ ആശുപത്രിയിലും ഇരുന്നൂറോളം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ രാജ്യത്തെ കൂടുതൽ ആശുപത്രികളിലേക്ക് സൈനികരെ നിയോഗിക്കേണ്ടി വരും.പല ആശുപത്രികളും വെന്റിലേറ്ററുകളുടെയും കിടക്കകളുടെയുമൊക്കെ ക്ഷാമം നേരിടുന്നുണ്ട്.
രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. നാൽപത്തിയാറ് ലക്ഷത്തോളം പേർ ഇതിനോടകം ആദ്യ ഡോസ് കുത്തിവയ്പ് എടുത്തുകഴിഞ്ഞു. അദ്ധ്യാപകർ, പൊലീസ്, മറ്റ് അവശ്യസർവീസ് മേഖലയിൽ ജോലി ചെയ്യുന്നവർ മുതലായവരെ വാക്‌സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം.