പീഡിപ്പിച്ചശേഷം ചാക്കിൽക്കെട്ടി റെയിൽവേട്രാക്കിൽ തളളി:യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ്

Thursday 21 January 2021 1:31 PM IST

ഇൻഡോർ:മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മുൻകാമുകനും കൂട്ടുകാരും ചേർന്ന ബലാത്സംഗം ചെയ്തുവെന്നും കുത്തിപ്പരിക്കേൽപ്പിച്ചശേഷം ചാക്കിൽക്കെട്ടി റെയിൽവേട്രാക്കിൽ തളളിയെന്നുമുളള 19കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമാണെന്ന് പൊലീസ്. കളളപ്പരാതി നൽകിയതിന് യുവതിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവെന്നും ലഭിച്ചില്ല.. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലും റെയിൽവേ ട്രാക്കിലും മറ്റും നടത്തിയ ശാസ്ത്രീയ പരിശോധനയിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തുടർന്നാണ് വ്യാജപരാതിയാണെന്ന് വ്യക്തമായതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെയും കുടുംബത്തിന്റെയും പ്രതികരണം ലഭ്യമല്ല.

കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന തന്നെ മുൻകാമുകനും ചിലരും ചേർന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവന്ന് ഫ്ളാറ്റിൽ വച്ച് കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി. ഇതിനെ എതിർത്തപ്പോൾ കത്തികൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയും അവശയായപ്പോൾ ചാക്കിൽ കെട്ടി റെയിൽവേട്രാക്കിൽ തളളുകയായിരുന്നു എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ചാക്കിൽ നിന്ന് രക്ഷപ്പെട്ടെന്നുപറഞ്ഞ് യുവതിതന്നെയാണ് നാട്ടുകാരാേട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.