പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ കഠിന ശ്രമം തുടരുന്നു

Thursday 21 January 2021 3:50 PM IST

പൂനെ: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റിൽ വൻ തീപിടിത്തം. ടെർമിനൽ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തിൽ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റുളളവർക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. മഞ്ചിപ്രദേശത്താണ് പ്ളാന്റ് പ്രവർത്തിക്കുന്നത്.

വാക്സിൻ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃത‍ർ പറയുന്നത്. അഗ്നിബാധയിൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിനുളളിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഫയർഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.