കോൺഗ്രസ് കൂട്ടായ്മയാണ്: മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ആൾക്കൂട്ടമല്ലെന്നും കൂട്ടായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അച്ചടക്കവും ഐക്യവുമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിപ്പിടിക്കേണ്ടത്. രാഷ്ട്രീയത്തിലെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും പിറകെ പോകരുത്.
നിയമസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി പ്രാരംഭഘട്ട ചർച്ച പോലും നടത്തിയിട്ടില്ല. ഓരോ നിയോജക മണ്ഡലത്തെയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തും. അവശദുർബല വിഭാഗങ്ങൾക്കും യുവജനങ്ങൾക്കും മഹിളകൾക്കും ന്യൂനപക്ഷങ്ങൾക്കും അർഹമായ പരിഗണന നൽകും.
കോൺഗ്രസിനെ തകർക്കാൻ ശത്രുക്കൾ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു. എ.ഐ.സി.സിയാണ് കോൺഗ്രസിന്റെ നയവും നിലപാടും വ്യക്തമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് പാർട്ടി തീരുമാനമാകില്ല. സി.പി.എം സെക്രട്ടറി തന്നെ വർഗീയത പ്രചരിപ്പിക്കുകയും അത് ആളിക്കത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തീവ്ര വർഗീയ ശക്തികളുമായി സമരസപ്പെട്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. ബി.ജെ.പി.യും എസ്.ഡി.പി.ഐയുമായി രഹസ്യധാരണ ഉണ്ടാക്കിയ ശേഷം സി.പി.എം മതേതരത്വത്തിന്റെ വക്താക്കളെന്ന പൊയ്മുഖം അണിയുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.