അന്തസുള്ള കുടുംബത്തിലാണ് പിറന്നത്: പി. ശ്രീരാമകൃഷ്‌ണൻ

Friday 22 January 2021 12:00 AM IST

തിരുവനന്തപുരം: സാമാന്യം അന്തസുള്ള കുടുംബത്തിലാണ് പിറന്നതെന്നും കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് ചാടിയിറങ്ങുന്നതിന് മുമ്പ് തന്റെ വ്യക്തിത്വവും പൈതൃകവും എന്താണെന്ന് അന്വേഷിക്കേണ്ടതായിരുന്നെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. മലബാർ കലാപത്തിൽ മാപ്പിള കർഷകരോടൊപ്പം സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ പോയ പെരിന്തൽമണ്ണയിലെ എം.പി. നാരായണമേനോൻ കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്നു.

അദ്ദേഹത്തിന്റെ സഹോദരൻ എം.പി. ഗോവിന്ദമേനോന്റെ സഖാവും സഹപ്രവർത്തകനുമായിരുന്ന, മാപ്പിളകുടിയാന്മാരുടെ വ്യവഹാരത്തിന് നാരായണമേനോനോടൊപ്പം കോടതിയിൽ പോവുകയും പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ ഗോവിന്ദമേനോനോടൊപ്പം അദ്ധ്യാപനത്തിനും മാറിമാറി വന്ന കോട്ടിട്ട തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ കുറിച്ച് ഇ.എം.എസിന്റെ ആത്മകഥയിലുണ്ട്. അദ്ദേഹമാണ് മാഞ്ചീരി രാമൻ നായർ. എന്റെ ആ പിതാമഹന്റെ പൈതൃകത്തിന്റെ കൂടി ബലത്തിലാണ് വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മാപ്പിള കുടിയാൻ കർഷകരുടെ വാത്സല്യം ലഭിച്ചത്.
അതുകൊണ്ട് തന്നെയാണ് മലബാറിന്റെ മെക്കയായ പൊന്നാനിയിൽ നിന്ന് മുസ്ലിം ലീഗ് പിന്തുണയില്ലാതെ ജനങ്ങൾ എന്നെ അംഗീകരിക്കുന്നത് ശ്രീരാമകൃഷ്ണൻ പറഞ്ഞു.