സി എ ജിയ്‌ക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി; റിപ്പോർട്ട് തയ്യാറാക്കിയത് സർക്കാർ ഭാഗം കേൾക്കാതെ

Friday 22 January 2021 11:24 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സി.എ.ജി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്‌താവിച്ചു. തെ‌റ്റായ കീഴ്‌വഴക്കത്തിന് കൂട്ട് നിന്നുവെന്ന അപഖ്യാതി സഭയ്‌ക്കുണ്ടാകാതിരിക്കാനാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിഫ് ‌ജസ്‌റ്റിസിനെതിരെ ജഡ്‌ജിമാർ രംഗത്തുവന്നതുപോലെ അസാധാരണ സാഹചര്യം ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രിയുടെ വാദം പ്രതിപക്ഷം ശക്തിയായി എതിർത്തു. സിഎജിക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് തെ‌റ്റായ കീഴ്‌വഴക്കമാണെന്നും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രമേയത്തെ എതിർത്ത് വി.ഡി സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു.സിഎജിയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാൻ സർക്കാരിന് അധികാരമില്ല. കേന്ദ്ര സർ‌ക്കാർ പോലും ചെയ്യാത്ത നടപടിയാണിത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ് ഭരണപക്ഷത്തിന്റേതെന്നും സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തെ സർക്കാർ തകർക്കുന്നു. പ്രമേയത്തിൽ നിന്ന് പിന്മാറാൻ സ്‌പീക്കർ ആവശ്യപ്പെടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീ‌ർ അഭിപ്രായപ്പെട്ടു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനമാണെന്നും സി.എ.ജിയെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും ഒ.രാജഗോപാൽ എം.എൽ.എയും അഭിപ്രായപ്പെട്ടു. സർക്കാർ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ആര് വിചാരിച്ചാലും സർക്കാരിനെ തകർക്കാനാകില്ലെന്നും എ.എൻ ഷംസീർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രമേയം അനുചിതമാണെന്ന് കെ.സി ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. എന്നാൽ സർക്കാരിന് കിട്ടിയ നിയമോപദേശത്തിനനുസരിച്ചാണ് പ്രമേയമെന്നും സർക്കാർ വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടു.