മോഹൻലാലിന്റെ എതിരാളിയായി കെ.ജി.എഫ് വില്ലൻ; ആറാട്ട് ഒരുങ്ങുന്നു

Friday 22 January 2021 12:47 PM IST

ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ചിത്രമായ ആറാട്ടിൽ ബ്രഹ്മാണ്ഡ ചിത്രമായ കെ.ജി.എഫ് ചാപ്റ്റർ വണ്ണിലെ വില്ലനും. ചിത്രത്തിലെ ഗരുഡ എന്ന പ്രധാന വില്ലനായ രാമചന്ദ്ര രാജുവാണ് ആറാട്ടിൽ മോഹൻലാലിന് എതിരാളിയായി എത്തുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം ചില കാരണങ്ങളാൽ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുകയാണ്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ആറാട്ടിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ സമീർ മുഹമ്മദാണ്. രാഹുൽ രാജ് സംഗീതം നൽകും. ജോസഫ് നെല്ലിക്കൽ കലാ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് 'ആറാട്ടിൽ' മോഹൻലാലിന്റെ നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. പലക്കാടിന് പുറമെ ഹൈദരബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ.