ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ ജനതയും താരങ്ങളും,​ ട്വിറ്ററിൽ ട്രെൻഡിംഗ്

Friday 22 January 2021 10:25 PM IST

ആസ്ട്രേലിയക്കെതിരെ ഗാബാ ടെസ്റ്റിൽ ചരിത്ര വിജയം നേടി പരമ്പരയും ബോർഡർ ഗവാസ്കറും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രാജ്യത്തിന് അഭിമാന നേട്ടമാണ് സമ്മാനിച്ചത്.. കരുത്തരായ ആസ്‌ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ തന്നെ പരാജയപ്പെടുത്തിയ ഇന്ത്യ ചരിത്രം കൂടിയാണ് കുറിച്ചത്. വിരാട് കൊഹ്ലിയുൾപ്പെടെയുള്ള താരങ്ങളുടെ അഭാവത്തിലാണ് അജിങ്ക്യ രഹാനെയും കൂട്ടരും ആസ്ട്രേലിയയെ തകർത്ത് തരിപ്പണമാക്കിയത്.

ലോകത്തുള്ള സകല ഇന്ത്യക്കാരും ഇന്ത്തയയുടെ വിജയം ആഘോഷമാക്കി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും താരങ്ങളും ഇന്ത്യക്ക് അഭിനന്ദനവുമായെത്തി ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പാകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകളാണ്. ഇരുരാജ്യങ്ങൾക്കിടയിലും സംഘർഷം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ വിജയം പാകിസ്ഥാനിലും ആഘോഷമായി. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

ഇതോടെ 'ഇന്ത്യ' പാകിസ്ഥാൻ ട്വിറ്ററിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു. ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്ന ഉർദു ചാനൽ അവതാരകൻ ബാബർ ഹയാത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയക്കൊടി പാറിച്ച ഇന്ത്യയെ അഭിനന്ദിക്കുകയാണ് അദ്ദേഹം. യുവതാരങ്ങളായ ശർദുൽ താക്കുർ, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ എന്നിവരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട്. ബാബർ മാത്രമല്ല ജിയോ ന്യൂസ് അവതാരകൻ സയ്യിദ് യഹിയ ഹുസൈനിയും ഇന്ത്യൻ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

വാർത്താ അവതാരകർക്ക് പുറമെ പാക് മുൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ മറികടന്നുള്ള അവിശ്വസനീയ മത്സരം, മറ്റുള്ളവർക്ക് കൂടി പ്രചോദനം നൽകുന്ന മത്സരം എന്നാണ് പാകിസ്ഥാൻ മുൻ ക്യാപ്ടൻ വസീം അക്രം അദ്ദേഹം ട്വീറ്റിൽ കുറിച്ചത്. ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തറും അഭിനന്ദനവുമായി രംഗത്തെത്തി. താരങ്ങൾക്കൊപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകരും അഭിനന്ദനവുമായെത്തി..