റിസോർട്ടുകാർ തീകൊളുത്തിയ കാട്ടാനയ്ക്ക് ദാരുണാന്ത്യം

Saturday 23 January 2021 12:01 AM IST

മസിനഗുഡി: തമിഴ്നാട്ടിലെ മസിനഗുഡിയിൽ റിസോർട്ടിന് മുന്നിലെത്തിയ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊന്നു. കാട്ടാനയെ ഓടിക്കുന്നതിനായി ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളിൽ പെട്രോൾ നിറച്ച് തീകൊളുത്തി ആദ്യം വീശി ഓടിച്ചു. തുടർന്ന്, കത്തുന്ന ടയർ കെട്ടിടത്തിനു മുകളിൽ നിന്ന് എറിയുകയായിരുന്നു. ചെവിയിൽ കുരുങ്ങിയ തീപ്പന്തവുമായി മരണവെപ്രാളത്തിൽ പാഞ്ഞ കൊമ്പൻ മാരകമായി പൊള്ളലേറ്റും രക്തം വാർന്നുമാണ് ചരിഞ്ഞത്.

മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ റിസോർട്ട് ഉടമകളായ പ്രശാന്ത്, റെയ്‌മണ്ട് ഡീൻ എന്നിവരെ അറസ്റ്റ് ചെയ്തു. റിക്കി റിയാൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.

നവംബറിലാണ് അതിക്രമം നടന്നത്. ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്. തല ഭാഗത്ത് മാരക വ്രണവുമായി രക്തവും പഴുപ്പും ഒലിക്കുന്ന നിലയിൽ അഞ്ചു ദിവസം മുമ്പാണ് മസിനഗുഡി- സിങ്കാര റോഡിൽ ആനയെ വനംവകുപ്പ് കണ്ടെത്തുന്നത്. ചെവിക്ക് ചുറ്റും ചീഞ്ഞളിഞ്ഞിരുന്നു.

കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണ് കരുതിയത്. ആനയ്ക്ക് ഭക്ഷണത്തിൽ മരുന്നു വച്ചു നല്‍കിയെങ്കിലും സുഖപ്പെട്ടില്ല. തുടർന്ന് മയക്കുവെടിവച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ചരിഞ്ഞത്. കാട്ടാനയ്ക്ക് മാരകമായി പൊള്ളലേറ്റെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇടതു ചെവി ആഴത്തിൽ മുറിഞ്ഞ് രക്തം വാർന്നിരുന്നു. മുതുക് ഭാഗത്തും വലിയ മുറിവുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് മരവകണ്ടി ഡാമിലെ വെള്ളത്തിൽ ഒരു ദിവസം മുഴുവൻ ഈ ആന ഇറങ്ങി നിന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.