അമിത്​ ഷായുടെ അക്കൗണ്ട്​ ബ്ലോക്ക് ചെയ്തു: ട്വിറ്റർ പ്രതിനിധിയോട്​ തട്ടിക്കയറി പാർലമെന്ററി സമിതി അംഗങ്ങൾ

Saturday 23 January 2021 12:37 AM IST

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ കോപ്പിറൈറ്റ് പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ പേരിൽ ട്വിറ്റർ പ്രതിനിധിയെ നിറുത്തിപ്പൊരിച്ച് പാർലമെന്ററി കമ്മിറ്റി.

ഷായുടെ ട്വിറ്റർ അക്കൗണ്ട് എന്തുകൊണ്ടാണ് തടഞ്ഞതെന്നും അതിനുള്ള അവകാശം ആരാണ് നൽകിയതെന്നും ചോദിച്ച് ട്വിറ്റർ പ്രതിനിധിയോട് കമ്മിറ്റിയിലെ ബി.ജെ.പി പ്രതിനിധികൾ തട്ടിക്കയറി. പോസ്റ്റുചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് പകർപ്പവകാശ പ്രശ്‌നമുള്ളതിനാലാണ് താത്കാലകമായ അക്കൗണ്ട് തടഞ്ഞതെന്ന് ട്വിറ്റർ അധികൃതർ വിശദീകരിച്ചു.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ന്യൂസ് മീഡിയ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ സ്ഥലത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നതിനാണ് ഇൻഫർമേഷൻ ടെക്‌നോളജിക്കുവേണ്ടിയുള്ള പാർലമെന്റിന്റെ സ്ഥിരംസമിതി യോഗം കൂടിയത്. ശശി തരൂർ എം.പിയാണ് ചെയർമാൻ. ട്വിറ്റർ, ഫേസ്ബുക്ക് പ്രതിനിധികളെ കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു.

വിദ്വേഷ ഭാഷണവും ഉള്ളടക്കവും സംബന്ധിച്ച് അമേരിക്കയിൽ ട്വിറ്റർ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇന്ത്യയിൽ ഇത്തരം നിയമങ്ങളൊന്നും ഇല്ലാത്തപ്പോൾ ഉള്ളടക്കം എങ്ങനെ നീക്കംചെയ്തുവെന്ന് ബി.ജെ.പി അംഗങ്ങൾ ചോദിച്ചു. ഉള്ളടക്കത്തെക്കുറിച്ച് ശക്തമായ നിയമങ്ങളുണ്ടെന്നും കണ്ടന്റുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് നീക്കംചെയ്യുന്നതെന്നും അവർ പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നിയമങ്ങളെക്കുറിച്ചും യോഗത്തിൽ ഫേസ്ബുക്ക് പ്രതിനിധി വിശദീകരിച്ചു.