വിജയരാഘവനും കാനവും നയിക്കും; കേരള യാത്രയ്‌ക്ക് എൽ ഡി എഫും ഒരുങ്ങുന്നു

Saturday 23 January 2021 2:46 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫും കേരളയാത്രയ്‌ക്ക് തയ്യാറെടുക്കുന്നു. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാരായ എ വിജയരാഘവനും കാനം രാജേന്ദ്രനുമാകും ജാഥ നയിക്കുക. സാധാരണഗതിയിൽ തിരഞ്ഞെടുപ്പിന് മുമ്പ് സി പി എം സംസ്ഥാന സെക്രട്ടറിയാണ് ജാഥ നയിച്ചിരുന്നത്. എന്നാൽ ഇത്തവണ എൽ ഡി എഫ് എന്ന നിലയ്‌ക്കാണ് ജാഥ നിശ്‌ചയിച്ചിരിക്കുന്നത്.

വടക്കൻ മേഖല ജാഥ, തെക്കൻ മേഖല ജാഥ എന്നിങ്ങനെയായിരിക്കും ജാഥകൾ സംഘടിപ്പിക്കുക. തീയതി അടക്കം ജാഥയുടെ വിശദമായ ഷെഡ്യൂൾ ബുധനാഴ്‌ച ചേരുന്ന എൽ ഡി എഫ് യോഗത്തിലായിരിക്കും തീരുമാനിക്കുക. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിന്റെ വീടുകൾ സന്ദർശിക്കുന്ന പരിപാടി നാളെ മുതലാണ് ആരംഭിക്കുന്നത്. പ്രധാനപ്പെട്ട നേതാക്കൾ അടക്കം വീടുകൾ കയറും.

യു ഡി എഫിന് വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഈ മാസം 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് എൽ ഡി എഫും കേരള യാത്രയ്‌ക്ക് ഒരുങ്ങുന്നത്.