ചർച്ചയിൽ സമവായം : ഡൽഹിയിൽ ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് അനുമതി,​ റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ

Saturday 23 January 2021 8:39 PM IST

ന്യൂഡൽഹി: റിപ്ലബ്ലിക് ദിനത്തിൽ ഡൽഹി നഗരത്തിൽ ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് ഡൽഹി പൊലീസ് അനുമതി നൽകി. കർഷക സംഘടനകളും പൊലീസും നടത്തിയ ചർച്ചയിലാണ് സമവായത്തിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'കിസാൻ ഗൺതന്ത്ര് പരേഡ' എന്ന പേരിൽ ട്രാക്ടർ റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

റാലി സമാധാനപരമായിരിക്കും. റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡൽഹി പൊലീസുമായി ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകൾ മാറ്റുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു

കഴിഞ്ഞദിവസം കർഷരുമായി നടത്തിയ ചർച്ചയിൽ ഡൽഹിയ്ക്ക് പുറത്ത് ട്രാക്ടർ റാലി നടത്താൻ അനുവദിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച കർഷകർ, ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി പൊലീസ് വീണ്ടും കർഷകരുമായി ചർച്ച നടത്തിയത്. ട്രാക്ടർ റാലി നടത്തുന്ന കാര്യത്തിൽ ഡൽഹി പൊലീസിന് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.