എൻ.സി.പി തർക്കം രൂക്ഷം, കാപ്പൻ ഇന്ന് പവാറിനെ കാണും

Saturday 23 January 2021 10:40 PM IST

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ സംസ്ഥാന എൻ.സി.പിക്കകത്തെ തർക്കങ്ങൾ കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് മാണി സി.കാപ്പൻ എം.എൽ.എ പരാതിയുമായി ഇന്ന് മുംബയിലെത്തി ശരദ് പവാറിനെ കാണും.

രണ്ടിലൊരു തീരുമാനം അറിയുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ഇന്നലെ പവാർ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദർശനം ഉപേക്ഷിച്ച സാഹചര്യത്തിലാണ് കാപ്പൻ മുംബയിലേക്ക് പോകുന്നത്.പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്നാണ് കാപ്പന്റെ നിലപാട്. മന്ത്രി എ.കെ. ശശീന്ദ്രൻ വിഭാഗം ഒരു സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിട്ടുപോകാനാകില്ലെന്ന നിലപാടിലാണ്. ശശീന്ദ്രന്റെ വസതിയിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ യോഗം ചേർന്നതിനെതിരെ പരസ്യമായി തന്നെ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ രംഗത്തുവന്നു. കുട്ടനാട് സീറ്റിലേക്ക് കാപ്പനെ പരിഗണിച്ച് പാലായിൽ വഴങ്ങുകയെന്ന ഒത്തുതീർപ്പ് ഫോർമുല ശശീന്ദ്രൻ പക്ഷത്തിനുണ്ടെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അതിലൊന്നും വഴങ്ങാനാവില്ലെന്ന നിലപാടിലാണ് ഔദ്യോഗിക ചേരി.

സീറ്റുകളുടെ കാര്യത്തിൽ ഉറപ്പ് തേടി നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ടി.പി. പീതാംബരന് വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. എന്നാൽ പാടേ നിരസിക്കുകയുമുണ്ടായില്ല. ഇത് സൃഷ്ടിച്ച ആശയക്കുഴപ്പമാണ് ഔദ്യോഗികചേരിയിൽ. ഉടനേ രണ്ടിലൊന്ന് അറിയണമെന്നാണ് അവരുടെ നിലപാട്. സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചർച്ചയിലേക്ക് ഇടതുമുന്നണി വൈകാതെ കടക്കുമ്പോൾ തീരുമാനമറിയാമെന്നാണ് അവർ കരുതുന്നത്. യു.ഡി.എഫാകട്ടെ എൻ.സി.പിയെ സ്വീകരിക്കാൻ തയാറാണ്. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എത്തുന്നത് നീക്കുപോക്കിന് തടസമാകുമെന്നും പറ്റുന്നത്ര നേരത്തേ എത്തണമെന്നും അവർ സൂചിപ്പിക്കുന്നു.

പവാർ പറയുന്നതിനനുസരിച്ച് നീങ്ങാമെന്നാണ് ഔദ്യോഗിക ചേരിയുടെ കണക്കുകൂട്ടൽ. 27ന് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. അതിൽ സീറ്റ് വിഷയങ്ങൾ ചർച്ചയാവില്ല. എന്നാൽ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ധാരണയായേക്കും.