ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവരിയുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം,​ വിവാദ പ്രഖ്യാപനവുമായി കർണിസേന

Saturday 23 January 2021 11:02 PM IST

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍.

വിവാദമായ താണ്ഡവ് വെബ് സീരീസിനെതിരെയാണ് അജയ് സെംഗര്‍ രംഗത്തെത്തിയത്. 'വെബ് സീരീസിലൂടെ ഹിന്ദു ദേവതകളെ അപമാനിക്കുന്നവരുടെ നാവ് മുറിക്കുന്ന ആര്‍ക്കും ഞങ്ങള്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കും'- അജയ് സെംഗര്‍ പറഞ്ഞു. 'താണ്ഡവ്' നിര്‍മ്മാതാക്കള്‍ എല്ലാവരോടും മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നും ഇത് അംഗീകരിക്കില്ലെന്നും സെംഗാര്‍ കൂട്ടിച്ചേര്‍ത്തു. -

ചലച്ചിത്ര നിര്‍മ്മാതാവ് അലി അബ്ബാസ് സഫറിന്റെ ആദ്യ വെബ് സീരീസ് 'താണ്ഡവ്' ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച്‌ കേന്ദ്ര സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വെബ് സീരിസിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. ഇവർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.. അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് താണ്ഡവ് വെബ് സീരിസിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.