മൊഡേണ കൊവിഡ് വാക്സിൻ അപൂർവമായി കടുത്ത അലർജിക്ക് കാരണമായേക്കാം
വാഷിംഗ്ടൺ: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ ചിലരിൽ കടുത്ത അലർജി ഉണ്ടാക്കിയേക്കാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട്. ഡിസംബർ 21 മുതൽ ജനുവരി പത്തുവരെ 4.04 ദശലക്ഷത്തിലധികം ആളുകൾക്ക് മോഡേണ വാക്‌സിൻ നൽകിയിട്ടുണ്ട്.
ഇവരിൽ പത്ത് പേർക്ക് മാത്രമാണ് ജീവന് ഭീഷണിയാകുന്ന തരത്തിൽ അലർജി(അനാഫൈലക്‌സിസ്) ഉണ്ടായിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.വാക്സിൻ കുത്തിവയ്പിന് ശേഷം വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജീവഹാനി വരെ ഉണ്ടായേക്കാവുന്ന അലർജി പ്രശ്നമാണ് അനാഫൈലക്സിസ്.
കഠിനമായ അലർജിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. എന്നാൽ ഇത്തരത്തിലുള്ള പത്ത് കേസുകൾ എടുത്താൽ അവരിൽ ഒമ്പത് പേർക്കും മുമ്പ് അലർജി അനുഭവപ്പെട്ടിട്ടുണ്ട്. ഇവരിൽ അഞ്ചുപേർക്ക് മുമ്പ് അനാഫൈലക്സിസ് ഉണ്ടായിരുന്നു. മിക്കവർക്കും വിവിധ മരുന്നുകൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടായിട്ടുണ്ട്. കഠിനമായ അലർജി ഉണ്ടായ പത്ത് പേരിൽ, ഒൻപത് പേർക്ക് ഛർദ്ദി, ഓക്കാനം, ശ്വാസതടസം, നാവ് വീക്കം, തുടങ്ങിയ ലക്ഷണങ്ങൾ കുത്തിവയ്പ്പ് നടത്തി 13 മിനിറ്റിനുള്ളിൽ അനുഭവപ്പെട്ടു.