ബ്രിട്ടനിൽ ആറ് മാസം ലോക്ക്ഡൗൺ
ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേയ്ക്ക് നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വൈറസ് മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുറഞ്ഞത് 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും. പബ്ബുകൾ, റസ്റ്റോറന്റുകൾ, കടകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിവയൊക്കെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ബോറിസ് ജോൺസൻ പറഞ്ഞു. വാക്സിനേഷൻ ഫലപ്രദമായെങ്കിൽ മാത്രമെ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബ്രിട്ടനിൽ 3,617,459 രോഗികളാണുള്ളത്. ഇതുവരെ 97,329 പേർ മരിച്ചു. അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ വേൾഡ്ഒമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ആകെ രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് അടുക്കുകയാണ്. നിലവിൽ 99,395,265 രോഗികളാണുള്ളത്. 2,131,843 പേർ മരിച്ചു. 71,465,033 പേർ രോഗവിമുക്തരായി.