ആശ്രാമം എം.ഡി.എം.എ കേസ് നാലാം പ്രതി നർക്കോട്ടിക്ക് ബ്യൂറോയുടെ പിടിയിൽ

Monday 25 January 2021 6:41 AM IST

കൊല്ലം: ആശ്രാമത്ത് നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ കേസിലെ നാലാം പ്രതിയെ നർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. കുണ്ടറ കാഞ്ഞിരക്കോട് കുളപ്പൊയ്ക വീട്ടിൽ ബ്ലസൻ ബാബുവിനെയാണ് (വിനോദ്) ചെന്നൈയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്.

ഒരു വർഷമായി ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് എം.ഡി.എം.എ എന്ന മയക്കുമരുന്ന് കടത്തുന്ന ശൃഖലയിലെ പ്രധാന കണ്ണിയാണ് ബ്ലസ്സൻ ബാബു. ഒളിവിലായിരുന്ന മൂന്നും നാലും പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് ബ്ളസൻ ചെന്നൈയിലെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നതായി അസി. എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ചെന്നൈ യൂണിറ്റിന് കൈമാറുകയായിരുന്നു. പ്രതിയെ ഔദ്യോഗികമായി വിട്ടുകിട്ടാൻ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് കോടതിയെ സമീപിക്കും.

2020 സെപ്തംബർ 23നാണ് ആശ്രാമം - കടപ്പാക്കട ലിങ്ക് റോഡിലെ കൺവെൻഷൻ സെന്ററിന് സമീപത്ത് നിന്ന് 10.56 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി ആശ്രാമം കാവടിപ്പുറം പുത്തൻക്കണ്ടത്തിൽ വീട്ടിൽ ദീപു (25) കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് നടത്തിയ തുടരന്വേഷണത്തിൽ കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫിനെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ വിളികൾ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ചതിലൂടെ തിരുവനന്തപുരം ചിറയിൻകീഴ് കീഴാറ്റിങ്ങൽ പുലിക്കുന്നത്ത് (എൻ.വി.എസ് നിലയം) വീട്ടിൽ വൈശാഖിനെ മൂന്നാം പ്രതിയാക്കിയും ബ്ലസൻ ബാബുവിനെ നാലാം പ്രതിസ്ഥാനത്ത് ചേർത്തും കോടതി മുമ്പാകെ റിപ്പോർട്ട് ഹാജരാക്കി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബ്ലസൻ ബാബുവിന്റെ അക്കൗണ്ടിൽ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അൻപതോളം പേരെ ചോദ്യം ചെയ്തു. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി രണ്ടാം നാളാണ് നാലാം പ്രതി അറസ്റ്റിലായത്.