നേപ്പാൾ പ്രധാനമന്ത്രിയെ പുറത്താക്കി; പിളർപ്പിലേക്ക് നീങ്ങി കമ്യൂണിസ്റ്റ് പാർട്ടി

Sunday 24 January 2021 10:53 PM IST

കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ പുറത്താക്കിയതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പാർട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടർന്ന് തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) പുനരുജ്ജീവിപ്പിക്കാന്‍ ഒലി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.

ഏപ്രില്‍ 30നും പത്തിനും നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.