89 വോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരം പിടിക്കാൻ രണ്ടുദിവസത്തെ പഠനശിബിരം നടത്തി ബി ജെ പി, തന്ത്രങ്ങൾ മെനയാൻ എത്തിയത് സംസ്ഥാന നേതാക്കൾ

Monday 25 January 2021 9:34 AM IST

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വപ്ന മണ്ഡലമായ മഞ്ചേശ്വരം പിടിക്കാൻ പറ്റിയ നവാഗത സ്ഥാനാർത്ഥിയെ തേടുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. 2016 ൽ വെറും 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാൻ പ്രാദേശികവാദവും ഭാഷാപരമായ വികാരവും പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. അതിനെല്ലാം പുറമെ പൊതുസമ്മത സ്ഥാനാർത്ഥിയെ ഇത്തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കണമെന്ന അഭിപ്രായവും ശക്തമാണ്.

മഞ്ചേശ്വരം മണ്ഡലക്കാരായ സ്ഥാനാർത്ഥികൾ തന്നെ ഇക്കുറി വേണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. ബി.ജെ.പി മണ്ഡലം കമ്മറ്റിയും പഞ്ചായത്ത് കമ്മിറ്റികളും ഇക്കാര്യം സജീവമായി ചർച്ച ചെയ്തുകഴിഞ്ഞു. സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനായി മണ്ഡലത്തിലെ പ്രമുഖരായ ഏതാനും നേതാക്കളുടെ പേരുകളും ബി.ജെ. പി പ്രവർത്തകർ മുന്നോട്ടുവെക്കുന്നുണ്ട്.

1996 ൽ നിയമസഭയിലേക്കും 2004 ൽ ലോക്സഭയിലേക്കും മത്സരിച്ച സംസ്ഥാന സമിതി അംഗം അഡ്വ. ബാലകൃഷ്ണ ഷെട്ടി, എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റും നിരവധി തവണ ജനപ്രതിനിധിയും മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ രൂപവാണി ആർ. ഭട്ട്, ബി.ജെ.പി ഉത്തരമേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രട്ടറി വിജയകുമാർ റൈ, അഡ്വ. നവീൻ രാജ് എന്നിവരിൽ ആരെയെങ്കിലും മത്സരിപ്പിക്കണമെന്ന വാദമാണ് ബി.ജെ.പിയിൽ ഉയരുന്നത്. 1996 ന് ശേഷം മണ്ഡലക്കാരനായ ഒരാൾ മഞ്ചേശ്വരത്ത് പാർട്ടി സ്ഥാനാർത്ഥിയായിട്ടില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിനാണ് മുസ്ലിംലീഗിലെ എം.സി. ഖമറുദ്ദീൻ പരാജയപ്പെടുത്തിയത്. 2019 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷം 11,113 വോട്ടായിരുന്നു. ഓരോ വോട്ടിനും വിലയുള്ള മണ്ഡലമെന്ന നിലയിൽ നാട്ടുകാരെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ പഞ്ചായത്തുകൾ ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള പ്രദേശങ്ങളാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതും പ്രവർത്തകർ എടുത്തുപറയുന്നു.

മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിന് ഹൊസങ്കടിയിൽ ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത രണ്ടുദിവസത്തെ പഠനശിബിരം നടത്തിയിരുന്നു. വോട്ടർപട്ടികയിൽ പരമാവധി പേര് ചേർക്കുന്ന കാര്യവും സോഷ്യൽ മീഡിയയിലെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന നിർദ്ദേശമാണ് നേതൃത്വം മുന്നോട്ടുവെച്ചത്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ, പി. കൃഷ്ണകുമാർ തുടങ്ങിയവർ ശിബിരത്തിൽ പങ്കെടുത്തിരുന്നു.