സൗജന്യ ഭക്ഷ്യക്കിറ്റിൽ സംസാരം തുടങ്ങും, പിന്നാലെ മൂന്ന് കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയും, സി പി എം ഗൃഹസന്ദർശനം കൃത്യമായ പ്ലാനിൽ  ഈ മാസം 31 വരെ 

Monday 25 January 2021 12:35 PM IST

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ വീട്ടുപടിക്കലിൽ നിന്നും പ്രചാരണത്തിന്റെ ആദ്യഘട്ടം തുടങ്ങാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. എൽ ഡി എഫ് സർക്കാരിന്റെ വികസന നയങ്ങൾ ചർച്ച ചെയ്തും ജനങ്ങളോട് അഭിപ്രായ, നിർദേശങ്ങൾ തേടിയുമുള്ള സി.പി.എമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. നാലര വർഷത്തെ സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തുടച്ചു നീക്കുകയെന്ന വലിയ ഉത്തരവാദിത്വവുമാണ് ഗൃഹസന്ദർശനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ മുപ്പത്തിനാലായിരത്തോളം ബ്രാഞ്ചുകളിൽ ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറി പാർട്ടി മുതൽ സംസ്ഥാന സെക്രട്ടറി വരെ എത്തി കാര്യങ്ങൾ ചോദിച്ചറിയും.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി അഞ്ചു പേർ വരെയാണ് സന്ദർശനത്തിനെത്തുക. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഏറെ സഹായിച്ച സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിൽ തുടങ്ങുന്ന സംസാരം ക്രമേണ ക്ഷേമപെൻഷനുകൾ ഉൾപ്പടെയുള്ളവയിലേക്കെത്തും, സന്ദർശിക്കുന്ന വീടുകളിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുണ്ടെങ്കിൽ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. തുടർന്ന് കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വൈദ്യുത നിരക്ക് വർദ്ധനയുണ്ടായ വീടുകളിൽ അത് പരാതി നൽകിയപ്പോൾ കുറച്ച് ലഭിച്ചോ എന്ന് ഉറപ്പാക്കും. മൂന്നാമതായി അതാത് പ്രദേശത്തെ പ്രധാനപ്പെട്ട ആവശ്യങ്ങളെ കുറിച്ചും, പരാതികളെ കുറിച്ചും ചോദിച്ച് മനസിലാക്കും. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്ന ഉറപ്പോടെയായിരിക്കും നേതാക്കൾ ഓരോ വീടിന്റെയും പടിയിറങ്ങുക. വീട്ടുകാർ ഏത് തരത്തിൽ പ്രതികരിച്ചാലും സംയമനത്തോടെ പ്രശ്നങ്ങൾ കേട്ട് മറുപടി നൽകും.

ഗൃഹ സന്ദർശനത്തിന്റെ അടുത്ത പടിയായി ലോക്കൽ കമ്മിറ്റികളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങളെ കുറിച്ചും, ജനങ്ങളുടെ പരാതിയെ കുറിച്ചും ചർച്ച നടത്തി പൊതുരേഖ തയ്യാറാക്കും. ഇത് ഏരിയ കമ്മിറ്റിയിലും അവിടെ നിന്നും ജില്ല കമ്മിറ്റിയിലും ചർച്ച ചെയ്യും. പാർട്ടി നേതാക്കളുടെ ഗൃഹ സന്ദർശനം ഈ മാസം 31 വരെ നീളും.