അക്ഷരങ്ങളെ ചിത്രപതംഗങ്ങളാക്കി...

Tuesday 26 January 2021 12:00 AM IST

കോട്ടയം: മദ്ധ്യ തിരുവിതാംകൂറിന്റെ സാഹിത്യ ഭൂമികയെ ക്യാൻവാസിലേക്കു പകർത്തി പതിനേഴു ചിത്രകാരൻമാരുടെ മുപ്പത്തിനാലു പെയിന്റിംഗുകൾ. കേരള ചിത്രകലാ പരിഷത്താണ് കോട്ടയത്തെ കേരള ലളിതകലാ അക്കാഡമി ഗ്യാലറിയിൽ (ഡി.സി ബുക്ക്‌സ് ) ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

പന്തളം കേരളവർമ്മ , ഏ.ആർ.രാജരാജവർമ്മ , മൂലൂർ പത്മനാഭ പണിക്കർ,തകഴി, തോപ്പിൽ ഭാസി, പാറപ്പുറത്ത്, കടമ്മനിട്ട ,സുഗതകുമാരി, ബന്യാമിൻ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾക്കാണ് ചിത്രഭാഷ്യം നൽകിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് സാഹിത്യ കൃതികളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ചിത്ര പ്രദർശനം.

രംഗപടം ആർട്ടിസ്റ്റ് സുജാതനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. നാടക രംഗവേദിയുടെ രചനയിൽ അമ്പത് ആണ്ട് പിന്നിട്ട സുജാതനെ ചിത്രകലാ പരിഷത്ത് പൊന്നാട ചാർത്തി ആദരിച്ചു. നാടക രംഗവേദികൾ വരയ്ക്കുമ്പോൾ ആ പ്രമേയത്തോട് നീതി പുലർത്തുന്നതായിരിക്കണം രചനയെന്ന് സുജാതൻ പറഞ്ഞു. പ്രദർശനം അടുത്ത ശനിയാഴ്ച വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്.