പൊലീസ് വാഹനം തകർത്ത മുഖ്യപ്രതി പിടിയിൽ

Tuesday 26 January 2021 7:50 AM IST

തിരുവനന്തപുരം : തിരുവല്ലം പൊലീസ് സ്റ്റേഷൻ വാഹനം അടിച്ചു തകർത്ത കേസിലെ മുഖ്യപ്രതിയെ പിടികൂടി. മുട്ടയ്ക്കാട് വാഴത്തോട്ടം മേലെപുത്തൻ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന അജിത്തിനെയാണ് (20) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. ഡിസംബർ 24ന് മോഷണക്കേസിലെ പ്രതികളെ അന്വേഷിച്ചുപോയ പൊലീസ് സഞ്ചരിച്ച വാഹനം അജിത്തിന്റെ നേതൃത്വത്തിലുളള 13 അംഗസംഘം വണ്ടിത്തടം ശാന്തിപുരത്തുവച്ച് തടഞ്ഞുനിറുത്തി വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത് കടന്നു കളയുകയായിരുന്നു. ഒളിവിൽ പോയ പ്രതികളിൽ 10 പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. അന്വേഷണം തുടരവെ ഫോർട്ട് അസ്സിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയായ ഇയാളെ പിടികൂടിയത്. തിരുവല്ലം എസ്.എച്ച്.ഒ വി. സജികുമാർ, എസ്.ഐമാരായ നിധിൻ നളൻ, മനോഹരൻ, എ.എസ്.ഐ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.