'ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുമായി ബി ജെ പി സ്ഥാപിക്കുന്ന ബന്ധം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം'; ക്ഷേത്ര ഭരണ സമിതികൾ പിടിക്കാൻ സി പി എം
തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പിയുടെ വളർച്ച തടയുന്നതിന് ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സി പി എം തീരുമാനം. ക്ഷേത്ര ഭരണ സമിതികളിൽ ആർ എസ് എസുകാരല്ലാത്ത, സി പി എം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാർട്ടി ആലോചന നടത്തുന്നത്. നേരത്തെ സി പി എം ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനായില്ല എന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളിൽ നടക്കുന്ന റിപ്പോർട്ടിംഗിലാണ് ക്ഷേത്രഭരണ സമിതികളിൽ കയറി പറ്റാനുളള ശ്രമം വിശദമായി ചർച്ചയാകുന്നത്. ക്ഷേത്രങ്ങളിൽ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബി ജെ പി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രവർത്തിക്കണം. ക്ഷേത്ര ഭരണസമിതികളിൽ അംഗങ്ങളാവുകയും വേണമെന്നാണ് പാർട്ടി നിർദ്ദേശം.
പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച തടയാൻ പരിശ്രമിക്കണമെന്നും സി പി എം വിലയിരുത്തുന്നു. കൊല്ലത്തിന്റെ കിഴക്കൻ നിയമസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറൻ മണ്ഡലങ്ങളിലും ബി ജെ പി മുന്നേറ്റത്തിന് പിന്നിൽ സാമുദായിക ഘടകങ്ങളുമുണ്ട്. ബി ഡി ജെ എസ്–ബി ജെ പി ബന്ധം ബി ജെ പിക്ക് എങ്ങനെ ഗുണം ചെയ്‌തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരിൽ ഏഴും കൊല്ലത്തും പാലക്കാടും ആറു വീതവും കാസർകോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങൾ പരിശോധിച്ചാണ് ബി ജെ പിയെ ചെറുതായി കാണേണ്ടതില്ലെന്നും ക്ഷേത്ര സമിതികളിൽ ഇടംപിടിക്കാനുമുളള സി പി എം നിർദ്ദേശം.