തിരഞ്ഞെടുപ്പിന് മുമ്പ് കമൽ കൈ കൊടുക്കുമോ? സഖ്യക്ഷണവുമായി കോൺഗ്രസ്, നിലപാട് വ്യക്തമാക്കി താരം

Tuesday 26 January 2021 12:23 PM IST

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് ക്ഷണം. തമിഴ്‌നാട് കോൺഗ്രസിൽ നിന്നുളള ക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ രംഗത്തെത്തി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന കമലും പാർട്ടിയും കോൺഗ്രസിനൊപ്പം പ്രവർത്തിക്കണം എന്ന നിലപാടുമായി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അഴഗിരിയാണ് രംഗത്തെത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷണത്തിന് നന്ദി പറഞ്ഞ കമൽ ഇപ്പോൾ സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നും വ്യക്തമാക്കി. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി തമിഴ്‌നാട്ടിൽ തങ്ങളുടെ ശക്തി കാട്ടാനാണ് മക്കൾ നീതി മയ്യം ഇപ്പോൾ ശ്രമം നടത്തുന്നത്.

ഡി എം കെ- കോൺഗ്രസ് സംഖ്യത്തിലേക്ക് കമലിനെ സ്വാഗതം ചെയ്‌തുകൊണ്ടുളള കാർത്തി ചിദംബരത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കമലിനുളള ക്ഷണവുമായി അഴഗിരി രംഗത്തെത്തുന്നത്. ഡി എം കെയ്‌ക്കൊപ്പം സഖ്യരൂപീകരണത്തിന് തയ്യാറാവില്ലെന്ന് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തന്നെ കമൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മറ്റൊരു പ്രമുഖ ദ്രാവിഡ കക്ഷിയായ എ ഐ എ ഡി എം കെയുമായും ചങ്ങാത്തം കൂടാൻ അദ്ദേഹം തയ്യാറല്ല. അതേസമയം, ഡി എം കെയുമായുളള സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസും തയ്യാറല്ല.