'യഥാർത്ഥ' കർഷകർ മടങ്ങണം, കർഷക നേതാക്കൾ ട്രാക്ടർ റാലി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്; പഞ്ചാബ് മുഖ്യമന്ത്രി

Tuesday 26 January 2021 6:53 PM IST

ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള കർഷകരുടെ ട്രാക്ടർ റാലി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ട്വീറ്റുമായി ഡൽഹി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് ഡൽഹിയിൽ കാണാൻ സാധിക്കുന്നതെന്നും പ്രക്ഷോഭത്തിനിടെ ചിലർ നടത്തുന്ന അക്രമം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പ് വഴി പറയുന്നു.

ഇത്തരം സംഭവങ്ങൾ സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന കർഷകരുടെ സൽകീർത്തി ഇല്ലാതാക്കാൻ മാത്രമാകും ഉപകരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക നേതാക്കൾ ഇത്തരത്തിൽ അക്രമം നടത്തുന്നവരിൽ നിന്നും അകൽച്ച പാലിക്കുകയെന്നും ട്രാക്ടർ റാലി അവർ മാറ്റിവച്ചിട്ടുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി പറയുന്നു.

ഒപ്പം, എല്ലാ 'യഥാർത്ഥ' കർഷകരും ഡൽഹിയിലെ പ്രതിഷേധം അവസാനിപ്പിച്ചുകൊണ്ട് സംസ്ഥാന അതിർത്തികളിലേക്ക് മാടങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ മടങ്ങാൻ തുടങ്ങി.

ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് 10 മണിക്കൂറിലധികം നീണ്ട പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ മടങ്ങാൻ തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുലർത്തുവരുന്നത്.

കേന്ദ്ര സർക്കാരിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തങ്ങൾ വന്നതെന്നും അത് നല്കിക്കഴിഞ്ഞുവെന്നും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ചെങ്കോട്ട പരിസരത്തുള്ള കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സമരം ഒരുകാരണവശാലും അവസാനിപ്പിക്കുകയില്ലെന്നും അത് ശക്തമായി തന്നെ തുടരുമെന്നും കർഷകർ വ്യക്തമാക്കി.