കർഷകന്റെ മരണം; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്, കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

Wednesday 27 January 2021 8:23 AM IST

ന്യൂഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. ഉത്തരാഖണ്ഡ് ബജ്പുർ സ്വദേശി നവ്ദീപ് സിംഗ്(26) ആണ് മരിച്ചത് . പൊലീസ് വെടിയേറ്റാണ് നവ്ദീപ് മരിച്ചതെന്ന് കർഷകർ ആരോപിച്ചിരുന്നു.

അതേസമയം കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. സമരവുമായി ബന്ധപ്പെട്ടുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യാനാണ് യോഗം. ട്രാക്ടർ റാലി സംഘർഷത്തിലേക്ക് മാറാൻ കാരണം പൊലീസാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ചെങ്കോട്ടയിൽ പതാക ഉയർത്തിയയാൾക്ക് കർഷകരുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.

സംഘർഷങ്ങൾക്കൊടുവിൽ ഡൽഹി ശാന്തമാകുകയാണ്. നഗരത്തിൽ അക്രമ സംഭവങ്ങളുണ്ടായ സ്ഥലങ്ങളിൽ നിന്നെല്ലാം കർഷകർ പിന്മാറി. അതേസമയം സമരത്തിൽ പങ്കെടുത്ത ചില സംഘടനകൾക്ക് അനധികൃത ഫണ്ട് ലഭിച്ചതായിട്ട് എൻ ഐ എ സംശയിക്കുന്നുണ്ട്.

അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പതിനഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.