ചെങ്കോട്ടയിൽ പതാക കെട്ടാൻ നേതൃത്വം നൽകിയത് ദീപ് സിദ്ദു? ആളുമായി ബന്ധമില്ലെന്ന് സണ്ണി ഡിയോൾ

Wednesday 27 January 2021 8:57 AM IST

ന്യൂഡൽഹി: ചെങ്കോട്ടയിൽ പതാക കെട്ടാൻ നേതൃത്വം നൽകിയത് പഞ്ചാബി നടനും മോഡലുമായ ദീപ് സിദ്ദുവാണെന്ന് ആരോപണം. ജനാധിപത്യ അവകാശം ഉപയോഗിച്ചാണ് പ്രതിഷേധിച്ചതെന്നും, ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്നുമാണ് ദീപ് സിദ്ദിന്റെ പ്രതികരണം.

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. ഇതിനെ തള്ളി ദീപ് സിദ്ദു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ചെങ്കോട്ടയിലുയര്‍ത്തിയതെന്നും, പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

201ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി പ്രചരണം നടത്തിയവരില്‍ പ്രധാനിയായിരുന്നു ദീപ് സിദ്ദു. അതേസമയം ദീപ് സിദ്ദുമായി ബന്ധമില്ലെന്നാണ് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന്റെ പ്രതികരണം. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്നും ചെങ്കോട്ടയിൽ നടന്നത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.