ദുഷ്യന്തനാകാൻ ദേവ് മോഹൻ

Wednesday 27 January 2021 12:30 PM IST

സാമന്തയുടെ നായകനായി 'സൂഫിയും സുജാതയും' താരം ദേവ് മോഹൻ എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖർ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. കാളിദാസന്റെ സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്ന വിവരം ജനുവരി ആദ്യ വാരമാണ് ഗുണശേഖർ പ്രഖ്യാപിച്ചത്. സമാന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പങ്കുവച്ചിരുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശർമയാണ് സംഗീതം ഒരുക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. ദേശീയ അവാർഡ് ജേതാവായ ഗുണശേഖർ അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയിരുന്നു. ശാകുന്തളത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജയസൂര്യയും അദിതി റാവു ഹൈദരിയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് സൂഫിയും സുജാതയും. സൂഫി എന്ന ടൈറ്റിൽ റോളിലാണ് ദേവ് മോഹൻ ചിത്രത്തിൽ വേഷമിട്ടത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ നിന്നുള്ള ആദ്യ ഒ.ടി.ടി. റിലീസ് കൂടിയായിരുന്നു.