ഭക്ഷ്യക്കിറ്റിൽ തുണിസഞ്ചി മാത്രേമേ പിണറായിയുടേതുള്ളൂ, ബാക്കി കേന്ദ്രം കൊടുക്കുന്നതാണെന്ന് പിസി ജോർജ്
തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിൽ സർക്കാരിന് വലിയ പങ്കില്ലെന്ന് പിസി ജോർജ് എംഎൽഎ. കേന്ദ്രസർക്കാർ നൽകുന്ന കിറ്റിലെ തുണിസഞ്ചിമാത്രമാണ് പിണറായി വിജയന്റെ സംഭാവനയെന്ന് പിസി ആരോപിച്ചു. എന്നാൽ ഇത് പറയാൻ കോൺഗ്രസോ ബിജെപിയോ ശ്രമിക്കില്ലെന്ന് പരിഹസിച്ച പിസി ജോർജ്, അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിസി ജോർജിന്റെ വാക്കുകൾ-
ഭക്ഷ്യകിറ്റ് വിതരണം ഭക്ഷ്യമന്ത്രിയുടെ വീട്ടിൽ നിന്നുകൊടുക്കുന്നതോ, പിണറായി വിജയന്റെ കുടുംബസ്വത്തോ അല്ല. കേന്ദ്രസർക്കാർ കൊടുക്കുന്നതിനെ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യുന്നുവെന്നേയുള്ളൂ. പിണറായിയുടെതായിട്ട് തുണിസഞ്ചി മാത്രമേയുള്ളൂ. ബാക്കി മുഴുവൻ കേന്ദ്രം സൗജന്യമായിട്ട് കൊടുക്കുന്നതാണ്. ഫ്രീ കൊടുക്കുന്ന 35 കിലോ അരിയും, 15 രൂപവച്ച് കൊടുക്കുന്ന 10 കിലോ അരിയുടെയും എഴുപത് ശതമാനവും കേന്ദ്രം നൽകുന്നതാണ്. പക്ഷേ ജനം വിചാരിച്ചിരിക്കുന്നത് പിണറായി തരുന്ന ഔദാര്യമാണെന്നാണ്.
ബിജെപിയ‌്ക്ക് നേട്ടമാകുമെന്ന് കരുതി കേന്ദ്രസർക്കാർ തരുന്നതാണെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകില്ല. ബിജെപിക്കാരും മിണ്ടില്ല, ഒന്നുകൂടി പിണറായി വിജയൻ വന്നാൽ കോൺഗ്രസ് തീർന്നുപൊയ്‌ക്കുള്ളുമെന്നാണ് അവരുടെ പക്ഷം. ഇപ്പോൾ പിണറായി വിജയന് കാര്യങ്ങൾ അനുകൂലമാണെങ്കിലും, അത് മാറുമെന്നാണ് ഞാൻ കരുതുന്നത്.